സ്വന്തം ലേഖകൻ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിന് ഇന്ത്യൻ പൗരനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) കുറ്റം ചുമത്തിയതായി ബുധനാഴ്ച ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
“യുഎസ് പൗരനെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് വധിക്കുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത എന്ന നിക്ക് (52) നെതിരെ വാടക കൊലപാതകം നടത്താൻ ശ്രമിച്ചു എന്ന് കുറ്റപത്രത്തിലുണ്ടെന്ന്” ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.
“ഈ വർഷം ആദ്യം, നിഖിൽ ഗുപ്ത ഉൾപ്പെടെയുള്ളവരുമായി ചേർന്ന് ഇന്ത്യയിലും മറ്റിടങ്ങളിലും പ്രവർത്തിച്ച ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ, ഇന്ത്യൻ വംശജനായ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന, യുഎസ് പൗരനായ ഒരു അഭിഭാഷകനെയും രാഷ്ട്രീയ പ്രവർത്തകനെയും യുഎസ് മണ്ണിൽ വധിക്കാൻ ഗൂഢാലോചന നടത്തി,” യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.
ആരോപണ വിധേയനായ സർക്കാർ ജീവനക്കാരന്റെ പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡി ഒ ജെ) ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തെ “CC-1” എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഗുപ്ത CC-1 ന്റെ അസോസിയേറ്റ് ആണെന്ന് ഡി ഒ ജെ പറഞ്ഞു.
‘സെക്യൂരിറ്റി മാനേജ്‌മെന്റ്’, ‘ഇന്റലിജൻസ്’ എന്നീ ചുമതലകളുള്ള ‘സീനിയർ ഫീൽഡ് ഓഫീസർ’ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു ഇന്ത്യൻ സർക്കാർ ഏജൻസി ജീവനക്കാരനാണ് CC-1, കൂടാതെ മുമ്പ് ഇന്ത്യയുടെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ സേവനമനുഷ്ഠിച്ചതായും ‘ പരാമർശിച്ചിട്ടുണ്ട്. ‘ബാറ്റിൽ ക്രാഫ്റ്റ് (യുദ്ധസാഹചര്യങ്ങളിലും സൈനിക സംവിധാനങ്ങളിലുമുള്ള വൈദഗ്ധ്യം),’ ‘ആയുധങ്ങൾ’ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥനാണ്,” ഡി ഒ ജെയുടെ അറിയിപ്പിൽ പറയുന്നു.
സിസി-1 ഇന്ത്യയിൽ നിന്നാണ് കൊലപാതക ഗൂഢാലോചന നടത്തിയത്. അമേരിക്കയിലെ കൊലപാതകം ആസൂത്രണം ചെയ്യാൻ ഗുപ്തയെ റിക്രൂട്ട് ചെയ്തതായി ഡി ഒ ജെ ആരോപിക്കുന്നു.
വധശ്രമം നടപ്പാക്കാൻ, “CC-1 ന്റെ നിർദ്ദേശപ്രകാരം ഗുപ്ത … ഒരു വ്യക്തിയെ ബന്ധപ്പെട്ടു”, ഈ വ്യക്തി “ഒരു ക്രിമിനൽ ബന്ധമുള്ള ആളാണെന്ന് കരുതി, എന്നാൽ യഥാർത്ഥത്തിൽ യുഎസ് നിയമപാലകരുമായി ബന്ധപ്പെട്ട് രഹസ്യമായി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു.” ഈ വ്യക്തി ഗുപ്തയെ “വാടകക്കൊലയാളിയെ” പരിചയപ്പെടുത്തി, എന്നാൽ, അദ്ദേഹം, യഥാർത്ഥത്തിൽ “രഹസ്യമായി പ്രവർത്തിക്കുന്ന യുഎസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ” ആയിരുന്നു, തുടർന്ന് കൊലപാതകം നടത്താൻ “100,000” ഡോളറിന് ഇടപാട് ഉറപ്പിക്കുന്നതിൽ ഇടനിലക്കാരനായാതായും, ഡി ഒ ജെ പറഞ്ഞു.
പ്രാരംഭമായുള്ള പണമിടപാടുകൾ നടത്തിയ ശേഷം, “CC-1 കൊലപ്പെടുത്തേണ്ട ആളിന്റെ ന്യൂയോർക്കിലെ വീട്ടുവിലാസം, ബന്ധപ്പെട്ട ഫോൺ നമ്പറുകൾ, ദൈനംദിന പെരുമാറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ നൽകി.” അത് ഗുപ്ത പിന്നീട് വാടകക്കൊലയാളി ആണെന്ന് വിശ്വസിച്ച് യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായി, ഡി ഒ ജെ പറഞ്ഞു.
“എത്രയും വേഗം” കൊലപാതകം നടത്താൻ ഗുപ്ത ‘വാടകക്കൊലയാളിയോട്’ ആവശ്യപ്പെട്ടു, എന്നാൽ അടുത്ത ആഴ്‌ചകളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉന്നത തലത്തിലുള്ള യുഎസ്, ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്ന തീയതികളിൽ “കൊലപാതകം നടത്തരുതെന്ന്” “പ്രത്യേകം നിർദ്ദേശിച്ചു.”
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് ജൂണിൽ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് ശേഷം, നിജ്ജാറും “ലക്ഷ്യമായിരുന്നു” എന്നും “ഞങ്ങൾക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്” എന്നും ഗുപ്ത, “വാടകക്കൊലയാളി”യോട് പറഞ്ഞു. CC-1 കൊലപ്പെടുത്തേണ്ട വ്യക്തിയെ കുറിച്ചുള്ള ഒരു ലേഖനം ഗുപ്തയ്ക്ക് അയച്ചു. “ഇത് മുൻഗണനയാണ്,” ഡി ഒ ജെ ആരോപിച്ചു.
ഗുപ്ത ഒഴികെ, ഡി ഒ ജെ പേരുകളൊന്നും പരാമർശിക്കുന്നില്ല, ഔദ്യോഗിക അറിയിപ്പിൽ ആരോപിക്കപ്പെട്ട ലക്ഷ്യത്തെ ‘ഇര’ എന്ന് പരാമർശിക്കുന്നു.
“ഇന്ത്യൻ ഗവൺമെന്റിന്റെ കടുത്ത വിമർശകനും പഞ്ചാബ് വിഭജനത്തിന് വേണ്ടി വാദിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഒരു സംഘടനയെ നയിക്കുന്ന” ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു അഭിഭാഷകനായാണ് ലക്ഷ്യം വെച്ചതെന്ന് പരാമർശിക്കുന്നു. “പഞ്ചാബ് ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞ് ഒരു സിഖ് പരമാധികാര രാഷ്ട്രം സ്ഥാപിക്കാൻ” ഇര പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും “ഇന്ത്യൻ ഗവൺമെന്റ് ഇരയെയും അദ്ദേഹത്തിന്റെ വിഘടനവാദ സംഘടനയെയും ഇന്ത്യയിൽ നിരോധിച്ചു” എന്നും ഡി ഒ ജെയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
അഭിഭാഷകനും ഖലിസ്ഥാൻ അനുഭാവിയുമായ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു, ഇത് യുഎസ് അധികാരികൾ പരാജയപ്പെടുത്തുകയും ഇന്ത്യൻ സർക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു”.
“ഇന്ത്യ-യുഎസ് സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സമീപകാല ചർച്ചകൾക്കിടെ, സംഘടിത കുറ്റവാളികൾ, കള്ളത്തോക്ക് കച്ചവടക്കാർ , തീവ്രവാദികൾ എന്നിവരും മറ്റുള്ളവരും തമ്മിലുള്ള അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ യുഎസ് കൈമാറി. ഈ വിവരങ്ങൾ ഇരു രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നതിനാൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നമ്മുടെ സ്വന്തം ദേശീയ സുരക്ഷാ താൽപ്പര്യങ്ങളെയും ബാധിക്കുന്നതിനാൽ ഇന്ത്യ അത്തരം വിവരങ്ങളെ ഗൗരവമായി കാണുന്നു. യുഎസ് നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ചുവരികയാണ്,” എന്ന് ഇന്ത്യ പ്രതികരിച്ചു.
വിഷയത്തിന്റെ പ്രസക്തമായ എല്ലാ വശങ്ങളും അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചതായി സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പൗരനാണ് എന്നതൊഴിച്ചാൽ ഗുപ്തയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ല. ഡി ഒ ജെ പറയുന്നത്, “യുണൈറ്റഡ് സ്റ്റേറ്റ്സും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരം 2023 ജൂൺ 30 ന് ചെക്ക് അധികാരികൾ ഗുപ്തയെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തു.”
വാടക കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ഓരോ കേസിലും പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അതേസമയം ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യപ്പെട്ട് വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.
ഖലിസ്താൻ വിഘടനവാദിയും ഇന്ത്യ തിരയുന്ന ഭീകരനുമായ ഗുര്‍പത്‌വന്ത് സിങ് പന്നൂനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരന്റെ പേരില്‍ കഴിഞ്ഞദിവസം യുഎസിലെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല