1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: കൊവിഡ് ഭീതി മൂലം വിമാനത്തില്‍ കയറാതെ മൂന്നു മാസമായി ഷിക്കാഗോയിലെ ഓഹെയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെ അറസ്റ്റ് ചെയ്തു. രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷിതപ്രദേശത്ത് ആരുടെയും കണ്ണില്‍പെടാതെ മൂന്നു മാസത്തോളം കഴിഞ്ഞ ആദിത്യ സിങ് (36) ആണു ശനിയാഴ്ച പിടിയിലായത്.

ലൊസാഞ്ചലസിന്റെ സമീപപ്രദേശത്തു താമസിക്കുന്ന ആദിത്യ ഒക്‌ടോബര്‍ 19 മുതല്‍ വിമാനത്താവളത്തില്‍ ഒളിച്ചു കഴിയുകയാണ്. നിരോധിത മേഖലയില്‍ കടന്നുകയറിയതിനും മോഷണശ്രമത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ലൊസാഞ്ചലസില്‍നിന്ന് വിമാനത്തില്‍ ഇവിടെ എത്തിയ ആദിത്യ പിന്നീട് വിമാനത്താവളത്തിന്റെ സുരക്ഷാമേഖലയില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ കഴിയുകയായിരുന്നു.

രണ്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഇയാളോട് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെയാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍സ് മാനേജരുടെ ബാഡ്ജാണ് ആദിത്യ കാട്ടിയത്. എന്നാല്‍ ഒക്‌ടോബര്‍ മുതല്‍ സ്ഥലത്തില്ലാത്തയാളുടെ ബാഡ്ജ് ആയിരുന്നു അത്. വിമാനത്താവളത്തില്‍നിന്നു കളഞ്ഞു കിട്ടിയതായിരുന്നു ഇത്. തുടര്‍ന്ന് ആദിത്യയെ അധികൃതര്‍ക്കു കൈമാറുകയായിരുന്നു.

കൊവിഡ് മൂലം വീട്ടില്‍ പോകാന്‍ ഭയന്ന് വിമാനത്താളവത്തില്‍ കഴിയുകയായിരുന്നുവെന്നു ആദിത്യയെന്ന് അസി. സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. യാത്രക്കാരില്‍നിന്നു ലഭിക്കുന്ന ആഹാരവും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം കഴിയുന്ന ആദിത്യക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹോസ്പിറ്റാലിറ്റിയില്‍ മാസ്റ്റര്‍ ബിരുദമുളള ഇയാള്‍ തൊഴില്‍രഹിതനാണ്. എന്നാല്‍ വിമാനത്താവളത്തിന്റെ സുരക്ഷിത മേഖലയില്‍ ഒരാള്‍ ഒക്‌ടോബര്‍ 19 മതല്‍ ജനുവരി 16 വരെ ആരുമറിയാതെ ഒളിവിൽ കഴിഞ്ഞതില്‍ ആശ്ചര്യം പ്രകടിപ്പിക്കാൻ ജഡ്ജി മറന്നില്ല!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.