
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധികാര കൈമാറ്റ സംഘത്തിലെ അംഗമായിരുന്നു ഭവ്യ ലാല്‍.
2005 മുതല്‍ 2020 വരെ എസ്.ടി.പിഐ (Institute for Defence Analyses Science and Technology Policy Institute) ഗവേഷണ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ച ഭവ്യ ലാലിന് എന്‍ജിനിയറിങ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയില്‍ വിപുലമായ അനുഭവ പരിചയമുണ്ടെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു. ബഹിരാകാശ മേഖലയ്ക്ക് ഭവ്യ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും നാസ വ്യക്തമാക്കി.
എസ്.ടി.പി.ഐയില്‍ എത്തുന്നതിന് മുമ്പ് ശാസ്ത്ര സാങ്കേതിക പോളിസി ഗവേഷണ കണ്‍സള്‍ട്ടിങ് സ്ഥാപനമായ C-STPS LLC പ്രസിഡന്റായിരുന്നു ഭവ്യ. കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള പോളിസി ഗവേഷണ കണ്‍സള്‍ട്ടണ്‍സി സ്ഥാപനമായ Abt അസോസിയേറ്റിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാസച്യുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ന്യൂക്ലിയാര്‍ എന്‍ജിനിയറിങില്‍ ബിരുദവും ബിരുദാനന്ത ബിരുദവും ടെക്‌നോളജി ആന്‍ഡ് പോളിസിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഭവ്യ. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് പബ്ലിക് പോളിസിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇവർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല