
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കശ്മീരിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വരികയും അവരെ സ്നേഹത്തോടെ സമ്മാനങ്ങൾ നൽകി തിരിച്ചയക്കുകയും ചെയ്തതോടെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ ട്രെൻഡിംഗായി. കഹുട്ടയിലെ അബ്ബാസ്പൂർ തഹസിൽ ഗ്രാമത്തിലെ നിന്നുള്ള ലെയ്ബ സബെയർ (17), സന സബെയർ (13) എന്നിവരാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ ഭാഗത്ത് എത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഒരു ഉപദ്രവവും ഉണ്ടാകാതിരിക്കാൻ ‘പൂർണ്ണ നിയന്ത്രണം’ ഏർപ്പെടുത്തുമെന്ന് ഇന്ത്യൻ സൈന്യം ഉറപ്പ് നൽകിയിരുന്നു. കുടുംബാംഗങ്ങളുമായുള്ള വഴക്കിനെത്തുടർന്ന് രണ്ട് പെൺകുട്ടികളും വീട് വിട്ടിറങ്ങിയതായാണ് പാക്കിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് അബ്ബാസ്പൂർ അസിസ്റ്റന്റ് കമ്മിഷണർ സയ്യിദ് തസാവ്‌വർ ഹുസൈൻ കസ്മി അന്വേഷണം നടത്തിയിരുന്നു. രണ്ട് പെൺകുട്ടികളുടെയും പിതാവ് ആറുമാസം മുൻപാണ് അന്തരിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ എല്ലാ ദിവസവും കലഹമാണെന്നും ഇതിനാലാണ് വീട്ടിൽ നിന്നിങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് വഴി തെറ്റിപ്പോയി, ആകസ്മികമായി അതിർത്തി കടന്ന് ഇന്ത്യയിലെത്തി. സൈനികർ ഞങ്ങളെ തല്ലുമെന്ന് ഭയപ്പെട്ടു’, നാട്ടിലേക്ക് മടങ്ങിയ ശേഷം വിഡിയോ സന്ദേശത്തിൽ ലൈബ സുബൈർ പറഞ്ഞു. ‘എന്നാൽ അവരെല്ലാവരും (ഇന്ത്യൻ സൈന്യം) ഞങ്ങളുമായി നല്ല ബന്ധം പുലർത്തി. അവർ ഞങ്ങൾക്ക് ഭക്ഷണവും താമസിക്കാനുള്ള സ്ഥലവും നൽകി. ഞങ്ങളെ തിരികെ പാക്കിസ്ഥാനിൽ തന്നെ എത്തിക്കാൻ എല്ലാവരും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം, അവർ ഞങ്ങളെ വീട്ടിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് കരുതി, പക്ഷേ ഇന്ന് ഞങ്ങൾ വീട്ടിലേക്ക് പോകുന്നു. അവർ ശരിക്കും നല്ലവരാണ്,” കുട്ടികൾ പറഞ്ഞു.
24 മണിക്കൂറിർ ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ചെലവഴിച്ച രണ്ട് പെൺകുട്ടികളെയും ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയ്ക്കടുത്തുള്ള ചകൻ ഡാ ബാഗ് ക്രോസിങ് പോയിന്റിൽ വെച്ച് പാക്ക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിട്ടയക്കുകയായിരുന്നു. സ്വദേശത്തേക്കു മടങ്ങുന്നതിന് മുൻപായി രണ്ട് പാക്ക് സഹോദരിമാർക്കും ഇന്ത്യൻ സൈന്യത്തിൽ നിന്ന് സമ്മാനങ്ങളും മധുര പാക്കുകളും നൽകിയിരുന്നു. ഇതിന്റെ എല്ലാം ചിത്രങ്ങൾ ഇപ്പോൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രന്റിങ്ങാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല