1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2019

സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനം പറയുന്നു. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2018ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മലിനീകരണത്തിന്റെ തോതില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗാസിയാബാദ് ആണ്. ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22ഉം ഇന്ത്യയിലാണ്. ചൈനയിലെ അഞ്ച് നഗരങ്ങളും പാകിസ്താനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാം സ്ഥാനത്തും പാകിസ്താനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകള്‍ക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്താന്‍ രണ്ടാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്. വായു മലിനീകരണം മൂലം അടുത്ത വര്‍ഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. മനുഷ്യ ജീവനുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിനു പുറമേ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി അതിന്റെ പതിന്മടങ്ങ് തുക ചിലവഴിക്കേണ്ടിവരുമെന്നും പഠനം പറയുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യ ശരീരത്തിന് ഹാനികരമായ വിധത്തില്‍ അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന, സൂക്ഷ്മമായ വിഷവസ്തുക്കളുടെ അളവ് മുന്‍നിര്‍ത്തിയാണ് നഗരങ്ങളിലെ മലിനീകരണ തോത് പഠനത്തില്‍ വിലയിരുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.