1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2022

സ്വന്തം ലേഖകൻ: ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോക്സഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.

2019 മുതല്‍ രാജ്യത്ത് പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം, ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നിവയായിരുന്നു ഫസ്ലുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടിയായിരുന്നു മന്ത്രാലയം ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ഇന്ത്യയിലെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരായ നിരവധി പേര്‍ സ്ഥിരതാമസമാക്കാന്‍ യു.എസ് തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ യു.എസ് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 2020 ല്‍ 30,828 ല്‍ നിന്ന് 2021 ല്‍ 78,284 ആയി വര്‍ധിച്ചതായും രേഖയില്‍ പറയുന്നു.

യു.എസിന് പിന്നാലെ ഓസ്‌ട്രേലിയയാണ് ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന രണ്ടാമത് രാജ്യമായി പരാമര്‍ശിക്കുന്നത്. ഏകദേശം 13,518 പേരാണ് ഓസ്‌ട്രേലിയയിലേക്ക് മാറാനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്.

പഠനത്തിനും മികച്ച ജീവിത സൗകര്യങ്ങള്‍ക്കുമായി കൂടുതല്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുത്തിരുന്ന രാജ്യമായിരുന്നു കാനഡ. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം കാനഡ മൂന്നാം സ്ഥാനത്താണ്. 21,597 പേരാണ് 2021ല്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്.

കാനഡയ്ക്ക് പിന്നാലെ യു.കെ, ഇറ്റലി, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ജര്‍മനി, നെതര്‍തന്‍ഡ്‌സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, 2021 സെപ്റ്റംബര്‍ 30 വരെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 8.5 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി നിത്യാനന്ദ് റായ് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.