1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2015

സ്വന്തം ലേഖകന്‍: പതിനൊന്ന് ദിവസത്തിനിടെ പത്തു ഭീകരരെ വധിച്ച ഇന്ത്യന്‍ കമാന്‍ഡോക്ക് വീരചരമം. തുടര്‍ച്ചയായ മൂന്ന് ഓപ്പറേഷനുകളിലായി 10 ഭീകരര്‍ കൊല്ലപ്പെടുകയും ഒരു ഭീകരന്‍ പിടിയിലാകുകയും ചെയ്തു. തുടര്‍ന്ന് അവസാനത്തെ ഏറ്റുമുട്ടലിലാണ് കരസേനയുടെ സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോ ലാന്‍സ് നായിക് മോഹന്‍ നാഥ് ഗോസ്വാമി വീരചരമം പ്രാപിച്ചത്.

കശ്മീര്‍ താഴ്!വരയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ഭീകരവേട്ടയ്ക്കിടെ, കുപ്‌വാരയിലെ ഏറ്റുമുട്ടലിലാണ് മോഹന്‍ നാഥ് കൊല്ലപ്പെട്ടത്. 2002 ല്‍ കരസേനയുടെ പാരാ കമാന്‍ഡോ യൂണിറ്റ് അംഗമായ മോഹന്‍ നാഥ് ജമ്മു കശ്മീരിലെ ഒട്ടേറെ ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന മൂന്ന് ഏറ്റുമുട്ടലിലും അദ്ദേഹം യൂണിറ്റിനെ നയിച്ചു.

കഴിഞ്ഞ 23 ന് ഹന്ദ്‌വാരയിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍. പാക്ക് സ്വദേശികളായ മൂന്നു ലഷ്‌കറെ തയിബ ഭീകരരെ ഈ ഏറ്റുമുട്ടലില്‍ വധിച്ചു. തുടര്‍ന്ന് 26 നും 27 നും റാഫിയബാദില്‍ നടന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മൂന്നു ലഷ്‌കര്‍ ഭീകരരെ കൂടി വധിച്ചു. ഈ ഓപ്പറേഷനിലാണ് പാക്കിസ്ഥാനിലെ മുസാഫര്‍നഗര്‍ സ്വദേശിയായ ലഷ്‌കര്‍ ഭീകരന്‍ സജ്ജാദ് അഹമ്മദ് എന്ന അലിയാസ് ഉബൈദുല്ലയെ ജീവനോടെ പിടികൂടിയത്. ഇയാളെ പിടികൂടാനായത് കശ്മീരില്‍ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യക്കു ലഭിച്ച മികച്ച തെളിവുമായി.

ഒടുവില്‍ ഇന്നലെ കുപ്‌വാര ഹഫ്രുദയിലെ കൊടുംവനത്തില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് മോഹന്‍ നാഥ് ഗോസ്വാമി രക്തസാക്ഷിയായതെന്ന് സൈനിക വക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമി അറിയിച്ചു. നേര്‍ക്കുനേര്‍ നടന്ന കനത്ത വെടിവയ്പില്‍ നാലു ഭീകരരെ കൊലപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വീരചരമം പൂകിയത്.

നൈനിറ്റാളിലെ ഇന്ദിരാനഗര്‍ സ്വദേശിയാണ് മോഹന്‍ നാഥ് ഗോസ്വാമി. ഭാര്യയും ഏഴു വയസ്സുള്ള മകളുമുണ്ട്. മൃതദേഹം പ്രത്യേക സൈനിക വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയി. പൂര്‍ണ സൈനിക നടപടിയോടെ സ്വദേശത്ത് സംസ്‌കാരം നടത്തുമെന്ന് സൈനിക വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.