1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ കമ്പനികൾക്ക് മണ്ണും വളവുമൊരുക്കി ദുബായ്, കമ്പനികൾ പറിച്ചു നട്ട് നിക്ഷേപകരും. മലയാളി സംരംഭങ്ങൾ അടക്കം ആസ്ഥാനം ദുബായിലേക്കു മാറ്റാൻ മൽസരിക്കുമ്പോൾ ദുബായിയുടെ മുക്കും മൂലയും ഇന്ത്യൻ സ്ഥാപനങ്ങളാൽ നിറയുന്നു. കഴിഞ്ഞ വർഷം മാത്രം ദുബായിൽ ലൈസൻസ് എടുത്തത് 11,000 ഇന്ത്യൻ കമ്പനികൾ.

ദുബായിൽ മാത്രം ഇന്ത്യക്കാർ ഉടമകളായുള്ള കമ്പനികളുടെ എണ്ണം ഇതോടെ 83,000 ആയി. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആണ് കണക്കുകൾ പുറത്തു വിട്ടത്. ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം ഇരു രാജ്യങ്ങൾക്കിടയിലെ വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ സഹായകരമായെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ 7 എമിറേറ്റുകളിലും ഇന്ത്യക്കാർക്കു കമ്പനികളുണ്ടെങ്കിലും ദുബായിയാണ് പ്രിയ നഗരം.

റസ്റ്ററന്റുകളാണ് പ്രധാന ബിസിനസ്, അതു കഴിഞ്ഞാൽ സ്വർണം, സുഗന്ധദ്രവ്യങ്ങൾ. ഇന്ത്യൻ വ്യവസായികളെ മാത്രം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് ബറോഡയും ഇവിടെ പ്രവർത്തിക്കുന്നു. ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാന ഉപഭോക്താക്കൾ ഇപ്പോൾ ഇന്ത്യൻ കോടീശ്വരന്മാരാണ്. പാം ജുമൈറയിലെ അത്യാഢംബര വീടുകൾ അടക്കം വാങ്ങിക്കൊണ്ടു പോകുന്നവരിൽ യൂറോപ്യന്മാരെ പിന്തള്ളി ഇന്ത്യക്കാർ നിലയുറപ്പിച്ചു.

മുകേഷ് അംബാനിയും ഗൗതം അദാനിയുമെല്ലാം ദുബായിൽ വിലാസമുള്ളവർ തന്നെ. ദുബായിലെ പാർപ്പിടങ്ങളുടെ മോടി കൂട്ടാൻ മാത്രം ഇന്ത്യക്കാർ 4300 കോടി ഡോളർ ചെലവഴിച്ചതായി (3.5 ലക്ഷം കോടി രൂപ) ഒരു പ്രാദേശിക വാർത്താ മാധ്യമം നടത്തിയ കണക്കെടുപ്പിൽ വ്യക്തമായി. 2021ൽ മുടക്കിയതിന്റെ ഇരട്ടി തുക കഴിഞ്ഞ വർഷം ഇന്ത്യക്കാർ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചെലവഴിച്ചതായും സർവേയിൽ പറയുന്നു.

യുഎഇക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, ആഭരണങ്ങൾ, മൂല്യമേറിയ കല്ലുകൾ, തുകൽ, മാംസം, ഔഷധങ്ങൾ എന്നിവയ്ക്കു പുറമേ മാനവവിഭവവും ഉറപ്പാക്കുന്ന ഉറവിടം ഇന്ത്യയാണ്. ഇന്ത്യയ്ക്കു യുഎഇ മികച്ച മൂലധന സ്രോതസ്സും. കമ്പനികൾ കൂടിയതോടെ യാത്രാ മേഖലയിലെ വളർച്ചയുണ്ടായി. മുംബൈ – ദുബായ് റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്ന വ്യവസായികളുണ്ട്.

സംരംഭകർക്കു ഗോൾഡൻ വീസ ലഭിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ദുബായിലേക്കു സ്ഥിര താമസമാക്കിയ വ്യവസായികളിൽ മലയാളികളും മഹാരാഷ്ട്രക്കാരുമാണ് മുന്നിൽ. വ്യവസായങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കുന്നതും വലിയ നികുതിയില്ലാത്തതുമാണ് ഇന്ത്യക്കാർക്ക് യുഎഇ പ്രിയപ്പെട്ടതാക്കിയത്. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടില്ല.

വൈദ്യുതി, വെള്ളം, സ്ഥലം എന്നിവയ്ക്ക് അലയേണ്ടതില്ല. ഫ്രീ സോണുകളിൽ നേരിട്ടു കമ്പനി തുറക്കാനുള്ള സൗകര്യം. വിവിധ ലോക രാജ്യങ്ങളിലേക്ക് ദുബായിൽ നിന്നുള്ള വ്യോമഗതാഗത സൗകര്യം, നികുതിയില്ലാതെ ഇന്ത്യൻ ഉൽപന്നങ്ങൾ ദുബായ് തീരത്ത് എത്തിച്ച് വീണ്ടും കയറ്റി അയയ്ക്കാനുള്ള സൗകര്യം, അങ്ങനെ ബിസിനസുകാർക്ക് ദുബായിയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.