1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2021

സ്വന്തം ലേഖകൻ: ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവർ മുംബൈയിൽ തിരികെ എത്തിയത്. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്.

ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ ചതിയിൽപ്പെടുത്തിയതാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞു. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിൽ 2021 മാർച്ച് 31നാണ് ഇരുവരും ജയിൽ മോചിതരായത്. ഇന്ന് വെളുപ്പിനെ രണ്ടരയോടെയാണ് ഇരുവരും മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.

2019 ജൂലൈയിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങവെയാണ് ഇവരുടെ ബാഗിൽ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീഴ്ക്കോടതിയാണ് ഇരുവർക്കും 10 വർഷം വീതം തടവും 3 ലക്ഷം റിയാൽ വീതം പിഴയും വിധിച്ചു.

ഖത്തറിലെ സുഹൃത്തിന് കൈമാറാൻ തബസ്സും ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. തബസ്സും തന്നെയാണ് ഇവരെ നിർബന്ധിച്ച് ദോഹയിലേക്ക് അയച്ചതും അവരുടെ യാത്ര സ്പോൺസർ ചെയ്തതും.

മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ‌‌ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരെയും മോചിതരാക്കാൻ ഉത്തരവിട്ടത്.

പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരെയും വെറുതേവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.