
സ്വന്തം ലേഖകൻ: ‘ലഹരിമരുന്നു കടത്തി’യെന്ന് ആരോപിച്ച് മുംബൈ സ്വദേശികളായ ദമ്പതികൾക്ക് 10 വർഷം തടവു ശിക്ഷ വിധിച്ച കേസ് പുനരവലോകനം ചെയ്യാൻ ഖത്തർ സുപ്രീം കോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി.
ലഗേജിൽ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയതിനെ തുടർന്ന് 2019 ജൂലൈയിൽ ദോഹയിലെ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് (30), ഭാര്യ ഒനിബ ഖുറേഷി എന്നിവരുടെ കേസിലാണ് ഉത്തരവ്. ഏതാനും മാസങ്ങൾക്കു മുൻപ് വിവാഹിതരായ ദമ്പതികൾക്ക് വിവാഹ സമ്മാനം എന്ന നിലയിൽ ബന്ധുവാണ് സൗജന്യ ഖത്തർ യാത്ര ക്രമീകരിച്ചത്.
ഖത്തറിലെ ഒരു സുഹൃത്തിനു നൽകാൻ എന്നു പറഞ്ഞ് ഈ ബന്ധു ഏൽപിച്ച പായ്ക്കറ്റിലാണ് ലഹരിമരുന്നു കണ്ടെത്തിയത്. ദമ്പതികളെ ചതിച്ചു കുരുക്കിയതാണെന്ന പരാതിയുമായി ഇവരുടെ മാതാപിതാക്കൾ നയതന്ത്ര ഓഫിസുകളെ സമീപിച്ചിരുന്നു. അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്ന ഒനിബ ജയിലിൽ പെൺകുഞ്ഞിന് ജൻമം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല