1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2024

സ്വന്തം ലേഖകൻ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

നൂറുകണക്കിന് ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നവയുടെ ഉപയോഗത്തോടെ മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലാണ് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്.

ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്‌നര്‍ കപ്പല്‍.

കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. തേര്‍ഡ് ഓഫീസറായ പാലക്കാട് സുമേഷ് നാലുമാസം മുമ്പാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി.) യുടെ കപ്പലില്‍ ജോലിക്ക് കയറിയത്. കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പി.വി. ധനേഷ് രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാന്‍ എത്താനിരിക്കെയാണ് ഇറാന്‍ സേനയുടെ പിടിയിലായത്.

അതിനിടെ ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിൽ മലയാളി യുവതിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടസാ ജോസഫ് (21) ആണ് കപ്പലിൽ ഉൾപ്പെട്ടിരിക്കുന്നത്. ട്രെയിനിങ്ങിന്റെ ഭാഗമായി ആൻ ടസാ ഒമ്പത് മാസമായി കപ്പലിൽ ജോലി ചെയ്യുകയാണ്. കപ്പലിൽ ഉള്ളവരിൽ നാല് മലയാളികൾ ഉൾപ്പടെ 21പേർ ഇന്ത്യക്കാരെന്നും റിപ്പോർട്ടുകളുണ്ട്.

മകളുടെ ജീവനിൽ ആശങ്കയുണ്ടെന്ന് ആൻ ടസയുടെ പിതാവ് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് മകളുമായി അവസാനം സംസാരിച്ചത്. അതിന് ശേഷം തനിക്ക് മകളുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. മകളുമായി കമ്പനി അധികൃതർ സംസാരിച്ചിരുന്നു. മകൾ സുരക്ഷിതയാണെന്നാണ് കമ്പനി അധികൃതർ അറിയിച്ചതെന്നും പിതാവ് ബിജു എബ്രാഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.