1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2019

സ്വന്തം ലേഖകന്‍: മാര്‍ച്ച് എട്ടിനും 11നും ഇടയില്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടത് 13 തവണ; ഗുരുതര ആരോപണവുമായി പാക്കിസ്ഥാന് ഇന്ത്യയുടെ കത്ത്. മാര്‍ച്ച് എട്ടിനും 11നും ഇടയില്‍ ഇസ്‌ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടെന്നാരോപിച്ച് പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്രതിഷേധം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്ക് നോട്ടീസ് നല്‍കി.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, നേവല്‍ ഉപദേഷ്ടാവ് തുടങ്ങിയവരെ പലതവണ പിടികൂടിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരിക്കുന്നതെന്നാണ് ചില ഉദ്യോഗസ്ഥര്‍ പി.ടി.ഐയോടു പറഞ്ഞത്. മാര്‍ച്ച് ആദ്യം 13 തവണ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പിന്തുടര്‍ന്നു. മാര്‍ച്ച് എട്ടിന് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പ്രഥമ സെക്രട്ടറിയേയും നേവല്‍ ഉപദേഷ്ടാവിനേയും കാറില്‍ പിടിച്ചുവെച്ചെന്നും ഇന്ത്യ ആരോപിക്കുന്നു. പിറ്റേദിവസം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോകവേ പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ മോട്ടോര്‍ സൈക്കിളില്‍ പിന്തുടര്‍ന്നു. പിന്നീട് ഇന്ത്യന്‍ മിഷനില്‍ നിന്നും വീട്ടിലേക്ക് പോകുംവഴിയും ഇവര്‍ പിന്തുടര്‍ന്നതായി ഇന്ത്യ ആരോപിക്കുന്നു.

മാര്‍ച്ച് ഒമ്പതിനും പത്തിനും ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീടിനു പുറത്ത് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നിന്നു. കൂടാതെ മാര്‍ച്ച് എട്ടുമുതല്‍ പതിനൊന്നുവരെ നേവല്‍ ഉപദേഷ്ടാവിനെ പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതായും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണ് ഇത്തരം പീഡനങ്ങളെന്നാണ് ഇന്ത്യ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 26ന് ഇന്ത്യ പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരതാവളം ആക്രമിച്ചതായി അവകാശപ്പെട്ടിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനു വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.