സ്വന്തം ലേഖകന്‍: ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം, ‘ട്രംപ് കോഴി’യുമായി ഇന്ത്യന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ വൈറ്റ് ഹൗസിനു മുന്നില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുള്ള ഭീമാകാരന്‍ കോഴി ബലൂണുമായി വൈറ്റ്ഹൗസിനു സമീപം പ്രതിഷേധം നടത്തിയത് ഡോക്യുമെന്ററി പ്രവര്‍ത്തകനായ തരണ്‍ സിംഗ് ബ്രാറാണ്. ട്രംപിന്റെ സ്വര്‍ണ്ണത്തലമുടിയും കൈകൊണ്ടുള്ള ആംഗ്യവും അതേപടി ഒരു വെള്ളക്കോഴിയില്‍ ചേര്‍ത്തായിരുന്നു പ്രതിഷേധം.
സ്വന്തം നികുതിവിവരം പുറത്തുവിടാന്‍ പോലും പ്രസിഡന്റിനു പേടിയാണെന്നു ബ്രാര്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിനെ നേരിടാനും ഭയമാണ്. ഉത്തകൊറിയന്‍ നേതാവ് കിം ജോംഗ് ഉനുമായുള്ള ട്രംപിന്റെ കളിയും ഭീരുത്വപരമാണ്. ദുര്‍ബലനും കഴിവില്ലാത്തവനുമായ പ്രസിഡന്റിനോടുള്ള പ്രതിഷേധമാണിതെന്നു ബ്രാര്‍ കൂട്ടിച്ചേര്‍ത്തു. കോഴി ട്രംപിന് 30 അടി ഉയരമുണ്ട്. വൈറ്റ്ഹൗസിനു കിഴക്കുള്ള ദി എലിപ്‌സ് പാര്‍ക്കിലെ പുല്‍ത്തകിടിയിലാണു സ്ഥാപിച്ചിരിക്കുന്നത്.
പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സര്‍വീസില്‍നിന്ന് അനുമതി വാങ്ങിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാറ്റു നിറച്ച് വീര്‍പ്പിക്കാവുന്ന കോഴി ട്രംപുകളെ 1,500 ഡോളര്‍ മുടക്കി ഇബേയിലൂടെ വാങ്ങിക്കാമെന്നും ബ്രാര്‍ പറഞ്ഞു. അതേസമയം ട്രംപിനു പ്രതിഷേധം നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. ന്യൂജഴ്‌സിയിലെ ബഡ്മിന്‍സ്റ്ററിലുള്ള സ്വന്തം ഗോള്‍ഫ് കോഴ്‌സിലാണു പ്രസിഡന്റ് ഇപ്പോള്‍ താമസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല