
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾ പത്തു ദിവസത്തിനകം എത്തുമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഏജൻസി ഫെഡറേഷൻ മേധാവി ഖാലിദ് അൽ ദക്നാൻ പറഞ്ഞു. റിക്രൂട്ട്മെൻറ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും വിമാന ലഭ്യതക്കുറവ് അല്ലാതെ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറിന് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്തിൽ ഡിമാൻഡ് ഉണ്ട്. അതേസമയം, ഇന്ത്യക്കാരായ വീട്ടുജോലിക്കാർ കുവൈത്തിലേക്ക് വരാൻ താൽപര്യമെടുക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. വീട്ടുജോലിക്കാർക്ക് പൊതുവെ ശമ്പളം കുറവായതിനാലും തൊഴിൽ പ്രശ്നങ്ങൾ കൂടുതലായതിനാലുമാണ് ആളുകൾ താൽപര്യമെടുക്കാത്തതെന്നാണ് സൂചന.
കുവൈത്തിൽ 80,000 ഗാർഹിക തൊഴിലാളികളുടെ കുറവുള്ളതായാണ് റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ വ്യക്തമാക്കുന്നത്. റമദാനിൽ പൊതുവെ ഗാർഹിക തൊഴിലാളികളുടെ ആവശ്യം കൂടുതലാണ്. റമദാന് ഇനി ഒരു മാസം മാത്രമേയുള്ളൂ. ആവശ്യമുള്ള അത്ര ഗാർഹിക തൊഴിലാളികളെ ഇൗ സമയത്തിനുള്ളിൽ എത്തിക്കാൻ കഴിയുമെന്നില്ല.
റിക്രൂട്ട്മെൻറ് നിലക്കുകയും അവധിക്ക് നാട്ടിൽ പോയ തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഉടലെടുത്ത ക്ഷാമം അനധികൃത റിക്രൂട്ടിങ് ഒാഫിസുകൾ ചൂഷണത്തിന് അവസരമാക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പോൺസർമാരിൽ നിന്ന് തൊഴിലാളികളെ ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറിച്ചു വിൽക്കുകയാണ് ഇത്തരം ഒാഫിസുകളെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല