1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2019

സ്വന്തം ലേഖകന്‍: വിസ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളെ നാടുകടത്താന്‍ യുഎസ്; അധികവും ഇന്ത്യയില്‍ നിന്നുള്ളവര്‍; വ്യാജ യൂണിവേഴ്‌സിറ്റി ഉണ്ടാക്കി കെണിയൊരുക്കി അധികൃതര്‍; യുഎസുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന വ്യാജരേഖകള്‍ ചമച്ചു എന്നതുമാണ് അറസ്റ്റിലായവര്‍ക്ക് എതിരായ കുറ്റം.

മിസോറി, ന്യു ജേഴ്‌സി,ന്യൂയോര്‍ക്ക്, ജോര്‍ജിയ,ഒഹിയോ, ടെക്‌സാസ് എന്നിവിടങ്ങളില്‍ യുഎസ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 8 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു. ഭരത് കാകിറെഡ്ഡി, അശ്വന്ത് നുണ്‍, സുരേഷ് റെഡ്ഡി കണ്ടാല, ഫനിദീപ് കര്‍ണാടി, പ്രേം കുമാര്‍ റാംപീസ, സന്തോഷ് റെഡ്ഡി സമ, അവിനാഷ് തക്കലപ്പള്ളി, നവീന്‍ പാര്‍ഥിപാഠി എന്നിവരാണ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഹോംലാന്‍ഡ് സെക്യൂരിറ്റി, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിലായവര്‍ നിന്നും രേഖകള്‍ സംഘടിപ്പിച്ച് യു.എസില്‍ തങ്ങിയ നുറുകണക്കിന് പേര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായേക്കും. ഇവരെ നാടുകടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ മുഖേനെ അനധികൃതമായി രേഖകള്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളില്‍ അധികവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് വിവരങ്ങള്‍.

രഹസ്യനീക്കത്തിലൂടെയാണ് അന്വേഷണ ഏജന്‍സികള്‍ തട്ടിപ്പുകാരെ കുടുക്കിയത്. ഇതിനായി ഇവര്‍ ആദ്യം ചെയ്തത് യുണിവേഴ്‌സിറ്റി ഓഫ് ഫാമിങ്ടണ്‍ എന്ന പേരില്‍ വ്യജ കോളേജ് തയ്യാറാക്കുകയായിരുന്നു. ഇത് വ്യാജ കോളേജ് ആണെന്ന് തിരിച്ചറിയാതെ തട്ടിപ്പുകാര്‍ ഈ കോളേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കി. ഇന്ത്യക്കാരായ എട്ട് റിക്രൂട്ടര്‍മാരും വ്യാജ യൂണിവേഴ്‌സിറ്റിയുടെ കെണിയില്‍ വീണ് അറസ്റ്റിലായി.

വ്യാജ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു കുടുക്കിലായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ടു. സ്റ്റുഡന്റ് വീസയില്‍ എത്തിയ പല വിദ്യാര്‍ഥികളും ജോലി ചെയ്യാന്‍ സൗകര്യം കിട്ടുമെന്നു കരുതി ഈ യൂണിവേഴ്‌സിറ്റിയില്‍ ചേരുകയായിരുന്നു. വ്യാജയൂണിവേഴ്‌സിറ്റിയാണിതെന്നു വിദ്യാര്‍ഥികള്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണു ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ വാദം.

അറസ്റ്റ് വിവരം അറിഞ്ഞയുടന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായും ആഭ്യന്തരസുരക്ഷാ വകുപ്പുമായും ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ ആരാഞ്ഞെന്നും അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റിന്റെ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടെന്നും ന്യൂഡല്‍ഹിയില്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.