
സ്വന്തം ലേഖകൻ: ഇരട്ട എഞ്ചിനുള്ള 360 സീറ്റ് യാത്രാവിമാനം മുംബൈയില്‍ നിന്നും ദുബായിലേക്ക് ഒറ്റ യാത്രക്കാരനുമായി പറന്നു. ബോയിംഗ് 777 വിഭാഗത്തില്‍ പെടുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടഎഞ്ചിന്‍ ഫ്‌ളൈറ്റ് എമിറേറ്റ്‌സ് ഇകെ501 ആയിരുന്നു വിമാനം. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മുംബൈ – ദുബായ് യാത്ര പതിവായി നടത്തുന്ന 40 കാരന്‍ ഭാവേഷ് ജാവേരിയായിരുന്നു ഭാഗ്യവാന്‍.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനപാതയാണ് മുംബൈ-ദുബായ്. എക്കണോമിക് ക്ലാസ്സ് ടിക്കറ്റില്‍ വെറും 18,000 രൂപ മാത്രമായിരുന്നു ജാവേരി ഇതിനായി മുടക്കിയത്. അതേസമയം എക്കണോമി ക്ലാസ്സ് ടിക്കറ്റിലുള്ള ഒരു യാത്രക്കാരന് വേണ്ടി മാത്രം 17 ടണ്‍ ഇന്ധനം ചെലവഴിച്ച് എട്ടു ലക്ഷം രൂപ ചെലവാക്കി രണ്ടര മണിക്കൂര്‍ യാത്ര എന്തിനാണ് നടത്തിയതെന്നാണ് ഉയരുന്ന ചോദ്യം. യുഎഇ യുടെ ഗോള്‍ഡന്‍ വിസ ഉള്ളയാളാണ് ജാവേരി.
കോവിഡ് ശക്തമായി വ്യാപിക്കുന്നതിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ യുഎഇ പൗരന്മാരും യുഎഇ യുടെ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്കും നയതന്ത്ര കാര്യങ്ങള്‍ക്ക് വേണ്ടി പ്രതിനിധികള്‍ക്കും മാത്രമാണ് ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് യാത്ര നടത്താന്‍ കഴിയുക. മെയ് 17 നായിരുന്നു ജാവരിയുടെ യാത്ര. മുംബൈ ദുബായ് റൂട്ടില്‍ ബോയിംഗ് 777 വിമാനം ചാര്‍ട്ട് ചെയ്ത് യാത്ര നടത്താന്‍ 70 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.
18 എ സീറ്റിലായിരുന്നു ജാവേരി ഇരുന്നത്. പണം കൊടുത്താല്‍ കിട്ടാത്തതാണ് ജീവിതാനുഭവം എന്നാണ് തന്റെ ഏകനായുള്ള യാത്രയെക്കുറിച്ച് ജാവേരിയുടെ പ്രതികരണം. ജീവിതത്തില്‍ അനേകം തവണ വിമാനയാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ഒരു വിമാനയാത്ര ഇതാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രയ്ക്കായി വിമാനത്തിനുള്ളിലേക്ക് കയറുമ്പോള്‍ എയര്‍ ഹോസ്റ്റസ് അഭിനന്ദിച്ചതായും കോക്പിറ്റില്‍ നിന്നും കമാന്റര്‍ കൈവീശു കാണിച്ചെന്നും പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാനും വിമാനം ലാന്റ് ചെയ്യാന്‍ പോകുകയാണെന്നുള്ള മുന്നറിയിപ്പും തുടങ്ങി പതിവ് നിര്‍ദേശങ്ങളെല്ലാം ജാവേരിക്ക് വേണ്ടി മാത്രം അദ്ദേഹത്തിന്റെ പേര് ഉച്ചരിച്ചു കൊണ്ടായിരുന്നു.
കഴിഞ്ഞ ജൂണില്‍ വെറും ഒമ്പതുയാത്രക്കാരുമായി 14 സീറ്റ് വിമാനയാത്ര ജാവേരി നടത്തിയിരുന്നു. മുംബൈയ്ക്കും ദുബായ്ക്കും ഇടയില്‍ 240 ഫ്‌ളൈറ്റുകളില്‍ രണ്ടു ദശകമായി നിരന്തരം യാത്രക്കാരനാണെങ്കിലും ഇതാദ്യമായി ഈ വിമാനയാത്രയുടെ ചിത്രങ്ങള്‍ ജാവേരി എടുത്തിരുന്നു. ലോകത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമാണ് യാത്രാ വിമാനത്തില്‍ തനിയെ യാത്ര ചെയ്തിട്ടുള്ളൂ. ഏപ്രില്‍ 15 ന് സൗത്ത്‌വെസ്റ്റ് എയര്‍ലൈനില്‍ ലൗഡര്‍ഡേലില്‍ നിന്നും സെന്റ് ലൂയിസിലേക്ക് ബോബ് പിറ്റ്‌സ് യാത്ര ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല