1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2021

സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിന്‍വലിച്ചു. കഴിഞ്ഞ സെപ്റ്റമ്പറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച്, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് $200 ഉം കുവൈറ്റിലേക്ക് $245 ഉം സൗദി അറേബ്യയിലേക്ക് $324 ഉം മിനിമം ശമ്പള പരിധിയായി പുനക്രമീകരിച്ചിരുന്നു.

തുടർന്ന് നേരത്തെയുണ്ടായിരുന്ന മിനിമം ശമ്പള പരിധിയില്‍ 30% മുതൽ 50% വരെ കുറവുണ്ടായി. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാവുന്നത് തടയുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ നൽകിയ വിശദീകരണം. എന്നാൽ, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുമെന്നും മിനിമം വേജ് നിശ്ചയിച്ചത് വിദഗ്ദ്ധ, അവിദഗ്ദ്ധ കാറ്റഗറിയോ വിദ്യാഭ്യാസ യോഗ്യതയോ കണക്കാക്കാതെയാണ് ഉത്തരവ് ഇറങ്ങിയതെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഇതേ കോവിഡ് കാലത്ത് തന്നെയാണ് ഖത്തർ നിര്‍ബന്ധിത മിനിമം ശമ്പളം ആയിരം ഖത്തർ റിയാൽ ആയി ഉയർത്തിയതെന്നും പ്രസക്തമാണ്. ഇപ്പോൾ ചേർന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീ.ശ്രേയാംസ് കുമാർ എം.പിയുടെ ചോദ്യത്തിന് ഉത്തരമായി പ്രസ്തുത ഉത്തരവ് പിൻവലിക്കുന്നതായി വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ അറിയിച്ചു.

മിനിമം വേജ് കുറച്ച നടപടിക്കെതിരെ തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ( Gulf JAC) നൽകിയ പൊതു താൽപര്യ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള‍്, കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ 2020 സെപ്തംബറില്‍ ഇറക്കിയ സർക്കുലർ പിൻവലിച്ചതിന്‍റെ ഉത്തരവ് കോടതിയിൽ ഹാജരാക്കി. ഇതോടെ, ഔദ്യോഗികമായി 2020 സെപ്റ്റംമ്പറിന് മുമ്പേയുള്ള മിനിമം വേതനം വീണ്ടും പ്രാബല്യത്തിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.