
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കിരീടാവകാശിയായി ചാള്‍സ് മൂന്നാമന്‍ ചുമതലയേറ്റു. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് പൂര്‍ത്തിയായതോടെ എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രതിജ്ഞ ഒപ്പിട്ടു.
ബക്കിങാം കൊട്ടാരത്തിലും വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലുമായി നടന്ന ആഘോഷപൂര്‍വമായ പട്ടാഭിഷേക ചടങ്ങില്‍ ഇന്ത്യക്കാരായ പ്രമുഖര്‍ക്കും ക്ഷണമുണ്ടായിരുന്നു. ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ നിരവധി രാഷ്ട്രീയ പ്രമുഖര്‍, സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ, ഭാര്യ സുദേശ് ധന്‍കർ, ബോളിവുഡ് താരം സോനം കപൂർ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും, ആര്‍കിടെക്ടായ സൗരഭ് ഭട്‌കെ, പാചക വിദഗ്ധ മഞ്ജു മാല്‍ഹി, മലയാളിയായ ആരോഗ്യവിദഗ്ധന്‍ ഡോ. ഐസക് മത്തായി എന്നിവരാണ് ക്ഷണം കിട്ടിയ മറ്റു പ്രമുഖര്‍.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറായിരുന്നു കിരീടധാരണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ധന്‍കറിനൊപ്പം ഭാര്യ സുദേശ് ധന്‍കറും ചടങ്ങില്‍ പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകും ചടങ്ങില്‍ സന്നിഹിതനായിരുന്നു. സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയും ചടങ്ങിന്റെ ഭാഗമായി. ഇരുവരും ഘോഷയാത്രയില്‍ പങ്കെടുക്കുകയും ചെയ്തു.
ബോളിവുഡ് താരം സോനം കപൂറിനും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. സോനം ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു. പേരുകേട്ട ആര്‍ക്ടിടെക്ടായ സൗരഭ് ഭാട്‌കെ പ്രിന്‍സ് ഫൗണ്ടേഷന്‍ ബില്‍ഡിങിലെ ബിരുദധാരിയാണ്. പാചക വിദഗ്ധയും ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് ജേതാവുമായ ഇന്ത്യന്‍ വംശജ മഞ്ജു മാല്‍ഹി കോവിഡ് കാലത്തെ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയയാണ്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവിദഗ്ധന്‍ ഡോ. ഐസക് മത്തായി രാജകുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ്. 15 വർഷമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ
ആരോഗ്യ ഉപദേഷ്ടാവായ ഡോ. ഐസക് സൗഖ്യ എന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ ഉടമയുമാണ്.
വെസ്റ്റ്മിനിസ്റ്റര്‍ സ്‌കൂള്‍ ഓഫ് ലണ്ടനിലെ വിദ്യാര്‍ഥിയാണ് ഇന്ത്യന്‍ വംശജനായ രാഘവ് ദാസ്. സ്ഥാനാരോഹണച്ചടങ്ങില്‍ പ്രത്യേകക്ഷണം ലഭിച്ചാണ് മുംബൈ ഡബ്ബാവാലാസ് എത്തിയത്. പുതിയ രാജാവിന് പ്രത്യേക തലപ്പാവും ഷോളുമാണ് ഡബ്ബാവാലാസിന്റെ സമ്മാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല