
സ്വന്തം ലേഖകൻ: നോട്ടിംഗ്ഹാമിലെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ 19-കാരി ഗ്രേസ് ഒ’മാലി കുമാറിനു അന്ത്യയാത്ര. യൂണിവേഴ്സിറ്റി ഓഫ് നോട്ടിംഗ്ഹാമിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗ്രേസ് ഒ’മാലി. സംസ്കാര ചടങ്ങുകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. സഹവിദ്യാര്‍ത്ഥി 19-കാരന് ബാര്‍ണാബേ വെബ്ബറിനൊപ്പം രാത്രി വീട്ടിലേക്ക് നടക്കവെയാണ് ഇരുവരും കത്തിക്കുത്തിന് ഇരയായത്.
ജൂണ്‍ 13-നാണ് ഇവരുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച അക്രമങ്ങള്‍ അരങ്ങേറിയത്. സ്കൂള്‍ കെയര്‍ ടേക്കര്‍ 65-കാരന് ഇയാന്‍ കോട്സും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട അക്രമങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു.
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഏറ്റവും വലിയ കാത്തലിക് ചര്‍ച്ചായ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിലാണ് ഗ്രേസിന്റെ സംസ്കാരം നടത്തിയത്. ലണ്ടനിലേക്ക് ആയിരത്തിലേറെ പേരാണ് ദുഃഖം രേഖപ്പെടുത്താനായി എത്തിച്ചേര്‍ന്നത്. ‘സ്വന്തം കുഞ്ഞിന്റെ മരണത്തില്‍ പ്രസംഗിക്കാന്‍ ഒരു പിതാവും വിളിക്കപ്പെടരുത്. ഇത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്’, പിതാവ് ഡോ. സഞ്ജോയ് കുമാര്‍ പറഞ്ഞു.
മെഡിസിന് പഠനത്തോട് ഏറെ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന മകള്‍ കോവിഡ് വാക്സിനേഷന് സെന്ററില്‍ ആളുകളെ വാക്സിനേറ്റ് ചെയ്യാനായി വോളണ്ടിയര്‍ ചെയ്യാന്‍ ഇറങ്ങിയത് ഉള്‍പ്പെടെ കാര്യങ്ങളാണ് പിതാവ് സംസാരിച്ചത്. ജനനം രജിസ്റ്റര്‍ ചെയ്ത വെസ്റ്റ്മിന്‍സ്റ്ററില്‍ വെച്ച് തന്നെ മകള്‍ വിടവാങ്ങുകയാണെന്ന് അമ്മ സിനെദ് ഒ’മാലി പറഞ്ഞു. വെബ്ബറിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഗ്രേറ്റര്‍ ലണ്ടനിലെ രാജാവിന്റെ പ്രതിനിധി സര് കെന്നെത്ത് ഒലിസയും ചടങ്ങിനെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല