1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ചു, പ്രകോപനം സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്. ഒന്നര വര്‍ഷമായി യു.എസിലുള്ള ജഗ്ജിത് സംഭവ സ്ഥലത്ത് കട നടത്തുകയായിരുന്നു.

രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ് ചോദിച്ചയാളോട് ഐ.ഡി പ്രൂഫ് കാണിക്കാന്‍ ജഗ്ജിത് ആവശ്യപ്പെട്ടു. പരിശോധനയില്‍ തിരിച്ചറിയല്‍ രേഖക്ക് കൃത്യതയില്ലെന്നും യഥാര്‍ഥ രേഖ നല്‍കാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്രമി കത്തിയെടുത്ത് ജഗ്ജിതിനെ കുത്തുകയായിരുന്നു.

മറ്റു പ്രകോപനം ഒന്നുമുണ്ടായില്ലെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ജഗ്ജിത്‌സിങ് ആറു മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു. സംഭവം വംശീയ കൊലപാതകമാണോ എന്നത് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജഗ്ജിത് സിങ്ങ് അമേരിക്കയില്‍ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്. കുല്‍ജിത് കൗര്‍ ആണ് ജഗ്ജിത് സിങ്ങിന്റെ ഭാര്യ. ഇഷ്മീത്ത് സിങ്ങ്(9), ദില്‍പ്രീത് സിങ്(7) എന്നിവര്‍ മക്കളാണ്.

ഇവര്‍ പഞ്ചാബിലെ കപൂര്‍ത്തലയിലാണ് താമസിക്കുന്നത്. രണ്ടു സഹോദരിമാരും ഫ്രാന്‍സില്‍ ജോലിയുള്ള ഒരു സഹോദരനുമാണ് ജഗ്ജിത് സിങ്ങിനുള്ളത്. അടുത്തിടെയായി യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ പരിഭ്രാന്തി പരത്തുന്നതിനിടെയാണ് പുതിയ സംഭവ വികാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.