1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സഹപ്രവര്‍ത്തകയെ തീവണ്ടിക്കു മുന്നില്‍ നിന്ന് രക്ഷിച്ച ഇന്ത്യക്കാരന്റെ ബാഗ് രക്ഷാപ്രവര്‍ത്തനത്തിനിടെ കള്ളന്‍ കൊണ്ടുപോയി, ആശ്വാസമായി പോലീസിന്റെ സമ്മാനം 1000 ഡോളര്‍! കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മാന്‍ഹാറ്റെനില്‍ ഡേറ്റ അഡ്മിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്ന അനില്‍ വന്നാവല്ലി എന്ന 34കാരന്‍ തന്റെ സഹപ്രവര്‍ത്തകയായ മാധുരി റാച്ചെര്‍ലയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

യുവതിയുടെ ജീവന്‍ രക്ഷിക്കുവാനായ് പാളത്തിലേക്ക് എടുത്ത് ചാടുന്നതിനിടയില്‍ അനിലിന്റെ ബാഗുമായി ഒരു കള്ളന്‍ കടന്നുകളയുകയും ചെയ്തു. പാളത്തില്‍ കുഴഞ്ഞ് വീണ യുവതിയെ രക്ഷിക്കുന്നതിനായി ബാഗ് പ്ലാറ്റ്‌ഫോമില്‍ വെച്ച് ഓടുന്നതിനിടയിലാണ് കവര്‍ച്ച നടന്നത്. 700 ഡോളര്‍ വിലവരുന്ന ലാപ്‌ടോപ്പ്, ഹെഡ്‌ഫോണ്‍, ജോലിസ്ഥലത്തെ തിരിച്ചറിയല്‍ കാര്‍ഡ്, 200 ഡോളര്‍ പണം അടങ്ങുന്ന ബാഗാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

പിന്നീട് അതിസാഹസികമായി യുവതിയെ രക്ഷിക്കാന്‍ കാണിച്ച ധീരതയ്ക്ക് എഡിസണ്‍ പൊലീസ് 1000 ഡോളര്‍ ചെക്ക് അനിലിന് പാരിതോഷികമായി നല്‍കി. ഓഫീസില്‍ പോകുന്നതിനിടയില്‍ രാവിലെ ഒന്നും കഴിക്കാതെ വന്നതിനാലാണ് കുഴഞ്ഞ് വീണതെന്ന് മാധുരി പറഞ്ഞു. വീഴ്ചയില്‍ മാധുരിയുടെ കാല്‍മുട്ട് പൊട്ടുകയും, കൈമുട്ട് ഒടിയുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് എഡിസണ്‍ പൊലീസ് അറിയിച്ചു.

എന്നാല്‍ ഒരു മനുഷ്യജീവനെ രക്ഷിക്കുന്നതിനിടയില്‍ തനിക്ക് സംഭവിച്ചത് വളരെ വേദനിപ്പിച്ചു, കവര്‍ച്ചകള്‍ വ്യാപകമായി ഈ പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്, എങ്കിലും, ഇത്തരം ഒരു അവസരത്തില്‍ എങ്ങനെയാണ് ഒരാള്‍ക്ക് മോഷ്ടിക്കാന്‍ സാധിക്കുക എന്ന് വന്നവള്ളി ചോദിച്ചു, ഏതൊരു അവസരത്തിലും ഒരാളെ രക്ഷിക്കാനുള്ള മനോഭാവമാണ് വേണ്ടതെന്നും അതാണ് മനുഷ്യത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.