1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നഴ്സിംഗ് പരിശീലനം കഴിഞ്ഞ് യുകെയില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് ഇനി ആശ്വസിക്കാം. റെജിസ്ട്രേഷന്‍ നിബന്ധനകളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ കാതലായ മാറ്റം വരുത്തുന്നതിന് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്തിമാധികാരം നല്‍കി.

ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കുവനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. 2023 മുതലായിരിക്കും ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഈ മാറ്റങ്ങള്‍ അനുസരിച്ച് യു കെയില്‍ ഉള്ള നഴ്സിംഗ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക്, അവരുടെ നഴ്സിംഗ് പഠനവും പരീക്ഷയും ഇംഗ്ലീഷ് മാധ്യമത്തിലായിരുന്നു എന്ന് തെളിയിക്കുകയും, അവരുടെ നിലവിലെ തൊഴിലുടമ, അവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍ റെജിസ്ട്രേഷന്‍ നടപടികളുമായി മുന്‍പോട്ട് പോകാം.

ഇനിമുതല്‍ ഒ ഇ ടി/ ഐ ഇ എല്‍ ടി എസ് പരീക്ഷകളില്‍ നിര്‍ബന്ധമായും ജയിച്ചിരിക്കണം എന്ന നിബന്ധന പ്രാബല്യത്തില്‍ ഉണ്ടാവുകയില്ല. അതേസമയം, യു കെ യ്ക്ക് പുറത്തുള്ളവര്‍ക്ക്, ഇതുവരെ അവര്‍ 6 മാസക്കാലയളവില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കുകള്‍ ഒന്നായി കണക്കാക്കാനുള്ള അവസരം ഉണ്ടായിരുന്നത്, 12 മാസക്കാലത്തിനുള്ളില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കുകളാക്കി മാറ്റിയിട്ടുണ്ട്. ഇതും, മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഏറെ അനുഗ്രഹകരമായ കാര്യമായി മാറിയിരിക്കുകയാണ്.

ഈ മാറ്റങ്ങള്‍ക്കായി ഏറെ പ്രയത്നിച്ചത് രണ്ടു മലയാളികള്‍ ആയിരുന്നു കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായ ഡോ. അജിമോള്‍ പ്രദീപും, യൂണിവേഴ്സിറ്റി ഓഫ് സാല്‍ഫോര്‍ഡിലെ നഴ്സിംഗ് ലക്ചറര്‍ ഡോ. ഡില്ല ഡെവിസുമായിരുന്നു ഈ മാറ്റങ്ങള്‍ക്കായി പരിശ്ര്മിച്ചത്. ഇന്ത്യയില്‍ പരിശീലനം നേടിയെത്തി, ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ മികവ് പുലര്‍ത്താനാകാത്തതുകൊണ്ട് മാത്രം റെജിസ്ട്രേഷന്‍ അവസരം നഷ്ടപ്പെട്ട ആയിരക്കണക്കിന് നഴ്സുമാര്‍ക്കായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ നീണ്ട പോരാട്ടം നടത്തി വരികയായിരുന്നു.

ഇത്തരത്തില്‍, ഇന്ത്യയില്‍ നിന്നും നഴ്സിംഗ് പരിശീലനം കഴിഞ്ഞ് യു കെയില്‍ എത്തി ഇംഗ്ലീഷ് പരീക്ഷ വിജയിക്കാനാകാതെ പോയ നിരവധി പേര്‍ വര്‍ഷങ്ങളായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും കെയറര്‍മാരായും യു കെയി ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്ക് തീര്‍ച്ചയായും അനുഗ്രഹമായി മാറിയിരിക്കുകയാണ് ഈ മാറ്റങ്ങള്‍. ഇവരുടെ നീണ്ട പോരാട്ടത്തിനൊടുവില്‍ എന്‍ എം സി ഒരു കണ്‍സള്‍ട്ടേഷന് തയ്യാറായിരുന്നു.

ഈ കണ്‍സള്‍ട്ടേഷനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച്, കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍, കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും യു കെയിലെ ആരോഗ്യ മേഖലയിലോ സോഷ്യല്‍ കെയര്‍ സെക്ടറിലോ നോണ്‍- റെജിസ്റ്റേര്‍ഡ് ആയി പ്രവര്‍ത്തിച്ചു പരിചയമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ നഴ്സിംഗ് പഠനവും പരീക്ഷയും പൂര്‍ത്തിയാക്കി ബിരുദമെടുത്തവര്‍ക്ക്, അവരുടെ ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിന് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം മതിയാകും.

എന്നാല്‍, തങ്ങളുടെ നഴ്സിംഗ് പഠനവും പരീക്ഷയും ഇംഗ്ലീഷില്‍ ആണെന്നുള്ളതിന് അവര്‍ തെളിവ് നല്‍കേണ്ടതായി വരും.അതല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകളില്‍ 0.5 സ്‌കോറിനോ (ഐ ഇ എല്‍ ടി എസ്) പകുതി ഗ്രേഡിനോ (ഒ ഇ ടി) മാത്രമാണ് പരാജയപ്പെട്ടതെന്ന് തെളിയിച്ചാലും മതിയാകും. എഴുത്ത്, വായന, സംസാരം, മനസ്സിലാക്കല്‍ എന്നീ നാലു മേഖലകളിലെ ഇംഗ്ലീഷ് പരിജ്ഞാനം വ്യക്തമാക്കുന്ന പരീക്ഷയില്‍ ആവശ്യമായ സ്‌കോറിനേക്കാള്‍ 0.5 സ്‌കോറില്‍ കൂടുതല്‍ കുറയരുത് അല്ലെങ്കില്‍ അര ഗ്രേഡിനേക്കാള്‍ കുറയരുത്.

നിലവില്‍ എഴുത്ത്, സംസാരം, മനസ്സിലാക്കല്‍ എന്നിവ മൂന്നിനും ചേര്‍ത്ത് വിജയിക്കാന്‍ ആവശ്യമായ മിനിമം സ്‌കോര്‍ 6.5 ആണ്. എഴുത്ത് പരീക്ഷിക്കുന്നതില്‍ ആവശ്യമായത് 6 ഉം. ഒ ഇ ടിയുടെ കാര്യത്തില്‍ ആദ്യ മൂന്നു വിഭാഗങ്ങള്‍ക്കും കൂടി സി * ഗ്രേഡും എഴുത്തിന് സി ഗ്രേഡും ആവശ്യമാണ്. അതുപോലെ നിലവില്‍ ആറുമാസക്കാലയളവില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കുകള്‍ ഒന്നു ചേര്‍ത്ത് പരിഗണിക്കുമെങ്കില്‍ ഇനി മുതല്‍ അത് 12 മാസക്കാലമായി ഉയര്‍ത്തിയിട്ടുമുണ്ട്.

തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലെ ലീഡര്‍ഷിപ്പ് സ്ഥാനത്തുള്ള വ്യക്തിക്ക് ഇത്തരത്തില്‍ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം സാക്ഷ്യപ്പെടുത്താനാവും. അതേ സ്ഥാനത്തുള്ള മറ്റൊരു വ്യക്തി അതിനെ പിന്തുണക്കുകയും വേണം. മാത്രമല്ല, ഇവര്‍ രണ്ടു പേരും എന്‍ എം സി റെജിസ്ട്രേഷന്‍ ഉള്ളവരും ആയിരിക്കണം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഉറപ്പാക്കേണ്ട സുരക്ഷ ഉറപ്പാക്കുവാനും, അതിനായി ആവശ്യമായ രീതിയില്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുവാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് എന്‍ എം സിയിലെ സ്ട്രാറ്റജി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ മാത്യൂ മെക്ക്ലാന്‍ഡ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.