1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2021

സ്വന്തം ലേഖകൻ: ഇന്തോനീഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് മുങ്ങിക്കപ്പൽ ഡ്രോൺ കുടുങ്ങി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സെലയാർ ദ്വീപിനടുത്ത് നിന്നാണ് ‘സീ വിങ് യു‌യുവി’ കണ്ടെടുത്തത്. വിവിധ പ്രദേശങ്ങളിലെ സമുദ്രങ്ങൾ ചൈന രഹസ്യമായി നിരീക്കുന്നുണ്ട് എന്നതിനുള്ള തെളിവാണിത്. തർക്കമുള്ള ദക്ഷിണ ചൈനാ കടലിനും തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും സമീപമാണ് രാജ്യാന്തര സമുദ്ര പാത സ്ഥിതി ചെയ്യുന്നത്.

മത്സ്യത്തൊഴിലാളിയായ സൈറുദ്ദീൻ കണ്ടെത്തിയ ആളില്ലാ അണ്ടർ‌സീ വെഹിക്കിൾ (യു‌യുവി) ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് ഇന്തോനീഷ്യൻ സൈന്യത്തിനും നൽകി. 225 സെന്റീമീറ്റർ നീളമുള്ള ടോർപിഡോ ആകൃതിയിലുള്ള യു‌യുവിക്ക് 18 സെന്റിമീറ്റർ വാൽ, 93 സെന്റിമീറ്റർ പിൻ ആന്റിന, ക്യാമറ തുടങ്ങി സംവിധാനങ്ങളുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വന്‍തോതില്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധന്‍ എച്ച്.ഐ സട്ടന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാസങ്ങളോളും നിരീക്ഷണം നടത്തി നാവിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന സീ വിങ് ഗ്ലൈഡറുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് വിന്യസിച്ചിട്ടുള്ളതെന്ന് ഫോബ്‌സ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

2019 ഡിസംബര്‍ മധ്യത്തോടെ വിന്യസിച്ച അവയെ നീരീക്ഷണങ്ങള്‍ക്കുശേഷം തിരിച്ചുവിളിച്ചു. കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിനായി യു.എസ് നാവികസേന വിന്യസിച്ചിട്ടുള്ള ഡ്രോണുകള്‍ക്ക് സമാനമാണ് ചൈനയുടെ ഡ്രോണുകളുമെന്നാണ് വെളിപ്പെടുത്തല്‍. അത്തരത്തിലുള്ള ഒരു ഡ്രോണ്‍ 2016 ല്‍ ബെയ്ജിങ് പിടിച്ചെടുത്തിരുന്നു.

ആര്‍ട്ടിക്കിലും ഐസ് ബ്രേക്കര്‍ കപ്പല്‍ ഉപയോഗിച്ച് ചൈന സീ വിങ് ഡ്രോണുകളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 14 ഡ്രോണുകളെ വിന്യസിച്ചുവെങ്കിലും അവയില്‍ 12 എണ്ണത്തെ മാത്രമെ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് കരുതുന്നത്. വലിയ ചിറകുകളുള്ള അവയ്ക്ക് അതിവേഗം സഞ്ചരിക്കാന്‍ കഴിയില്ല. എന്നാല്‍ ദീര്‍ഘകാല ദൗത്യങ്ങള്‍ക്കായാണ് നിയോഗിക്കപ്പെടുന്നത്. ദീര്‍ഘദൂരം സഞ്ചരിക്കാനും അവയ്ക്ക് കഴിയും.

സമുദ്ര വിജ്ഞാനം ശേഖരിക്കാനാണ് ഡ്രോണുകളെ വിന്യസിക്കുന്നതെന്നാണ് പൊതുവെ അവകാശപ്പെടാറുള്ളത്. നിരുപദ്രവകാരികളാണ് അവ എന്ന് തോന്നുമെങ്കിലും നാവിക സേനകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് അവയുടെ യഥാര്‍ഥ ദൗത്യം.

ഇന്‍ഡോ- പസിഫിക് മേഖലയില്‍ രാജ്യം വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തന്ത്രപരമായ താവളങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.