1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2020

സ്വന്തം ലേഖകൻ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ രാജ് ചൗഹാന്‍ ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യയിലെ നിയമസഭയില്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബില്‍ ജനിച്ച ചൗഹാന്‍ 1973ല്‍ ഫാമില്‍ ജീവനക്കാരനായി കാനഡയിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചയാളുകൂടിയാണ് രാജ് ചൗഹാന്‍.

അഞ്ചുതവണ ബര്‍ണബി- എഡ്മണ്ട് മണ്ഡലത്തെ സഭയില്‍ പ്രതിനിധാനം ചെയ്ത ചൗഹാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഇന്ത്യോ-കനേഡിയന്‍ അംഗമെന്ന നിലയില്‍ പുതിയ പദവി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചൗഹാന്‍ പ്രതികരിച്ചു. ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രനിമിഷമെന്ന് ചൗഹാന്റെ തെരഞ്ഞെടുപ്പിനെ ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടി വിശേഷിപ്പിച്ചു.

കാനഡയുടെ ചരിത്രത്തിലും രാജ് ചൗഹാന്റെ നേട്ടം നിര്‍ണായകമാകും. 1914ലെ കൊമഗത്തമാരു സംഭവത്തിന് ശേഷമാണ് കാനഡ ഇന്ത്യക്കാരായ കുടിയേറ്റക്കാരോടുള്ള നിലപാടില്‍ വലിയ മാറ്റം വരുത്തുന്നത്. അക്കാലത്ത് നിരവധി സിഖ് വംശജര്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. എന്നാല്‍ 1908ല്‍ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം തടയുന്ന നിയമം പാസായിരുന്നു. ഇതറിയാതെ 376 ഓളം ഇന്ത്യക്കാരാണ് കൊമഹത്ത മാരുവില്‍ കാനഡയിലെത്തിയത്.

ഇതില്‍ 340 പേരും സിഖ്കാരായിരുന്നു. എന്നാല്‍ 1908ലെ നിയമത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെ തിരിച്ചയക്കുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും ഇതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2016ലാണ് കനേഡിയന്‍ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോ കൊമാഗത്തമാരു സംഭവത്തില്‍ മാപ്പ് പറഞ്ഞത്. കയ്യടിച്ചാണ് പാര്‍ലമെന്റ് ട്രൂഡോയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ ഏറ്റവും വലിയ നീതി നിഷേധമായാണ് ട്രൂഡോ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അന്ന് ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് അഭയം തേടിയെത്തിയവരോട് കാണിച്ചത് ചരിത്രപരമായ അനീതിയാണെന്നും ട്രൂഡോ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.