1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. രാഷ്ട്രപതിയായി അവരോധിതനാകുന്ന ആദ്യ ബി.ജെ.പി. അംഗവും രണ്ടാമത്തെ ദളിത് സമുദായാംഗവുമാണ് 71 വയസുകാരനായ രാംനാഥ് കോവിന്ദ്. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടര്‍മാരായ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുന്‍ ഗവര്‍ണറായ കോവിന്ദ് 2930 വോട്ട് നേടി (മൂല്യം 7,02,044). പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ മീരാകുമാറിന് 1844 വോട്ട് ലഭിച്ചു (മൂല്യം 3,67,314).

എന്‍.ഡി.എയ്ക്കു പുറത്തുനിന്നും പിന്തുണ ലഭിച്ചതോടെ കോവിന്ദ് വിജയം ഉറപ്പിച്ചിരുന്നെങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, പഞ്ചാബ്, അസം, ത്രിപുര സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ചോര്‍ന്നു കിട്ടിയതോടെ അദ്ദേഹത്തിന് 65.65 ശതമാനം വോട്ട് ലഭിച്ചു. മീരാകുമാറിനു കിട്ടിയത് 34.35 ശതമാനം വോട്ടാണ്. ഗുജറാത്തില്‍ കോവിന്ദിന് പ്രതീക്ഷിച്ചതിലും 11 വോട്ട് അധികം കിട്ടി. ഗോവയിലെ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ആറു പേര്‍ കോവിന്ദിന് വോട്ട് ചെയ്തു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാര്‍ കോവിന്ദിനു വോട്ട് ചെയ്തു. കേരളത്തില്‍ 139 നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്തില്‍ 138 വോട്ടും മീരാകുമാറിനാണു ലഭിച്ചത്. കോവിന്ദിനു കിട്ടിയത് ബി.ജെ.പി. അംഗം ഒ. രാജഗോപാലിന്റെ വോട്ട് മാത്രം. 771 എം.പിമാരില്‍ 768 പേര്‍ വോട്ട് ചെയ്തതില്‍ 522 എണ്ണം കോവിന്ദിന് അനുകൂലമായി. മീരാ കുമാറിന് 225 എം.പിമാരുടെ വോട്ട് ലഭിച്ചു. 21 വോട്ടുകള്‍ അസാധുവായി. 4109 എം.എല്‍.മാര്‍ക്ക് വോട്ടവകാശമുള്ളതില്‍ 4,083 പേര്‍ വോട്ട് ചെയ്തു. 56 എം.എ.എമാരുടെ വോട്ട് അസാധുവായി.

ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വവും നിസ്വാര്‍ഥമായി കടമകള്‍ നിര്‍വഹിക്കുന്നവര്‍ക്കുള്ള അംഗീകാരവുമാണ് തന്റെ വിജയത്തില്‍ പ്രതിഫലിക്കുന്നതെന്ന് തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം രാംനാഥ് കോവിന്ദ് പ്രതികരിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കോവിന്ദിനു കഴിയട്ടെ എന്ന് മീരാകുമാര്‍ ആശംസ നേര്‍ന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരും നിയുക്ത രാഷ്ട്രപതിക്ക് ആശംസകളുമായെത്തി.

ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയാണ് കോവിന്ദ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ള ദളിത് വിഭാഗത്തിലെ പ്രമുഖ നേതാവായി ഉയര്‍ന്നുവന്ന അദ്ദേഹം രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്.

ബിജെപിയുടെ ദളിത് മോര്‍ച്ചയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് പാര്‍ലമെന്റിലേക്ക് എത്തിച്ചേര്‍ന്നതോടെ രാജ്യത്തെ ദളിത് വിഷയങ്ങളില്‍ സഭയ്ക്കുള്ളിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പാര്‍ലമെന്റംഗമായ കാലത്ത് പട്ടികജാതിപട്ടികവര്‍ഗ്ഗ ക്ഷേമം, സാമൂഹ്യനീതി, നിയമം, ആഭ്യന്തരം, പെട്രോളിയം തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റികളിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ല്‍ ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പ്രസംഗിച്ചു.അഖിലേന്ത്യാ കോലി സമാജിന്റെ അധ്യക്ഷന്‍ കൂടിയാണ് രാംനാഥ് കോവിന്ദ്. സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാര്‍, സ്വാതി എന്നിവര്‍ മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.