1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കരുത്തും പ്രൗഡിയും വിളിച്ചോതി റിപ്പബ്ലിക് പരേഡ്, താരങ്ങളായത് എന്‍.എസ്.ജിയും തേജസും. രാജ്യം 68 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോള്‍ കര, നാവിക, വ്യോമസേനകളുടെ കരുത്ത് വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്. വിജയ് ചൗക്ക് മുതല്‍ ചെങ്കോട്ട വരെയുള്ള വഴിലൂടെയാണ് സൈനിക പരേഡ് കടന്നുപോയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു.

രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷത്തിന് ഔദ്യോഗിക തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്ചക്രം സമര്‍പ്പിച്ചു.

സൈനിക വിഭാഗങ്ങളുടെ പരേഡില്‍ ശ്രദ്ധാ കേന്ദ്രമായത് എന്‍.എസ്.ജി കമാന്‍ഡോകളും ലൈറ്റ് കോംബാക്റ്റ് യുദ്ധവിമാനം തേജസുമാണ്. ബ്ലാക് ക്യാറ്റ് കമാന്‍ഡോകള്‍ എന്നറിയപ്പെടുന്ന എന്‍.എസ്.ജി കമാന്‍ഡോകള്‍ രാജ്പഥില്‍ നടത്തുന്ന ആദ്യ മാര്‍ച്ച് പാസ്റ്റാണിത്. 1984 ല്‍ പഞ്ചാബിലെ ബ്ലൂ സ്റ്റാര്‍ സൈനിക നടപടിക്കും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിനും പിന്നാലെയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) എന്ന പ്രത്യേക സുരക്ഷാ വിഭാഗം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്.

വി.വി.ഐ.പിയുടെ സുരക്ഷ കൂടാതെ തീവ്രവാദികളില്‍ നിന്നും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയുമാണ് എന്‍.എസ്.ജിയുടെ ദൗത്യം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ അത്യാധുനിക ലൈറ്റ് കോംബാക്റ്റ് യുദ്ധവിമാനം തേജസിന്റെ ആദ്യ ഫ്‌ളൈ പാസ്റ്റായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലേത്. രാജ്പഥിന്റെ മുകളിലൂടെ ഭൂമിയില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണ് മൂന്ന് തേജസ് വിമാനങ്ങള്‍ പറന്നത്.

എയറോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി (എ.ഡി.എ) രൂപകല്‍പന നിര്‍വഹിച്ച തേജസ് വിമാനം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ആണ് നിര്‍മിച്ചത്. 2000 മണിക്കൂര്‍ പരീക്ഷണ പറക്കല്‍ നടത്തിയ ഈ യുദ്ധ വിമാനത്തിന് ഇതുവരെ അപകടം ഉണ്ടായിട്ടില്ല. തേജസ് വിമാനത്തിന്റെ നിര്‍മാണം ഒരു വര്‍ഷം എട്ട് എന്നത് 16 ആയി ഉയര്‍ത്താന്‍ പ്രതിരോധം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

മാര്‍ച്ച് പാസ്റ്റില്‍ നാവികസേനയെ നയിച്ചത് മലയാളിയായ ലഫ്.കമാന്‍ഡര്‍ അപര്‍ണ നായരാണ്. യു.എ.ഇ സൈന്യത്തിന്റെ വ്യോമസേനാംഗങ്ങളും പരേഡില്‍ പങ്കെടുത്തു. വിവിധ സൈനിക ബഹുമതികളും ചടങ്ങില്‍ വിതരണം ചെയ്തു. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഘോഷയാത്രയെ വര്‍ണാഭമാക്കി. ഇത്തവണ വിവിധ സംസ്ഥാനങ്ങള്‍ക്കൊപ്പം ലക്ഷദ്വീപിന്റെ ഫ്‌ളോട്ടും ചടങ്ങിനുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.