1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2023

സ്വന്തം ലേഖകൻ: അടുത്ത സാമ്പത്തിക വര്‍ഷവും രൂപ മോശം പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. 2022ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു രൂപയുടെതെന്നും ആക്‌സിസ് ബാങ്കിന്റെ മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഹോള്‍സെയില്‍ വിഭാഗം(ട്രഷറി ഉള്‍പ്പടെ) ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് നീരജ് ഗംഭീര്‍ പറയുന്നു. ബ്ലൂംബര്‍ഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

മൂല്യമിടിവ് തുടരുമെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അത്രതന്നെ ആഘാതം ഉണ്ടാവില്ല. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്നു ശതമാനംവരെ ഇടിവുണ്ടായേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 10ശതമാനത്തിലധികമാണ് ഇടിവുണ്ടായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടിക്കടിയുള്ള നിരക്ക് വര്‍ധനവും കര്‍ശന ധനനയവും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. രാജ്യത്തെ വിദേശനയത്തിലെ മികവില്ലായ്മയുംകൂടി ചേര്‍ന്നപ്പോള്‍ രൂപയെ സമ്മര്‍ദത്തിലാക്കിയതായി ഗംഭീര്‍ പറയുന്നു.

മൂല്യ തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് കരുതല്‍ ധനം ഉപയോഗിച്ചു. വിദേശ നിക്ഷേപവരവ് രാജ്യത്തെ കരുതല്‍ ധന ശേഖരം കൂട്ടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡോളറിനെതിരെ 82.57 നിലവാരത്തിലാണ് രൂപയുടെ മൂല്യം. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം മുതല്‍ അര ശതമാനംവരെ വര്‍ധന ഭാവിയില്‍ പ്രതീക്ഷിക്കാം. ഫെബ്രുവരിയില്‍ കാല്‍ ശതമാനം നിരക്ക് കൂട്ടാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.

നിരക്ക് വര്‍ധന നിലയ്ക്കുമ്പോള്‍ കടപ്പത്ര ആദായം താഴാന്‍ തുടങ്ങും. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം 7.25 മുതല്‍ 7.50ശതമാനംവരെ കുറച്ചുമാസങ്ങളില്‍ തുടരും. പണസമാഹരണത്തിന് കടപ്പത്രങ്ങളെ ആശ്രയിച്ചതിനാല്‍ ബോണ്ട് വിപണിയില്‍ മുന്നേറ്റമുണ്ടായി. ആ പ്രവണത തുടര്‍ന്നേക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.