1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2023

സ്വന്തം ലേഖകൻ: ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുത്ത് മൂന്ന് വ‍ർഷത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സ‍‍‍ർക്കാർ. ബഹിരാകാശ മേഖലയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന രേഖ വ്യാഴാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്. 2023 ലെ ഇന്ത്യൻ ബഹിരാകാശ നയം ഏപ്രിൽ ആറിന് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രേഖ പുറത്തിറക്കിയത്.

ബഹിരാകാശ മേഖലയെ കൂടുതൽ പ്രാപ്യമാക്കുന്നതിനായി വിദ്യാഭ്യാസത്തിനൊപ്പം ​ഗവേഷണവും പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയം കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ വിഹിതം രണ്ട് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ബഹിരാകാശ മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന സമ​ഗ്രമായ മാർ​ഗനിർദേശങ്ങളാണ് ഇന്ത്യൻ ബഹിരാകാശ നയം 2023. ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ വ്യവസായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ബഹിരാകാശ പരിഷ്കാരങ്ങളിൽ വ്യക്തത വരുത്തുന്നതിനും ഈ രേഖ സഹായിക്കുമെന്ന് ഇന്ത്യൻ സ്പേസ് അസോസിയേഷൻ ഡയറക്ടർ ജനറൽ റിട്ടയേർഡ് ലഫ്റ്റനന്റ് ജനറൽ എകെ ഭട്ട് പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ ​ഗവേഷണ ഓർ​ഗനൈസേഷൻ (ഐഎസ്ആർഒ) നൂതന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ വികസനത്തിലും ​ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഐഎസ്ആർഒയുടെ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, വൈദഗ്ധ്യം എന്നിവ സ്വകാര്യ മേഖലയ്ക്ക് പ്രയോജനപ്പെടുത്താം.

ഇന്ത്യൻ ബഹിരാകാശ മേഖലയിലെ മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ റോളുകളും ഉത്തരവാദിത്തങ്ങളും നിർവചിക്കുന്നതാണ് നയത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ), ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) എന്നിവയാണ് മൂന്ന് സ്ഥാപനങ്ങൾ.

ഇന്ത്യയുടെ പ്രധാന ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ നൂതന സാങ്കേതിക വിദ്യയുടെ ​ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഐഎസ്ആർഒയുടെ ദൗത്യങ്ങളുടെ പ്രവർത്തനവശം കൈകാര്യം ചെയ്യുന്നത് ബഹിരാകാശ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ എൻഎസ്ഐഎൽ ആയിരിക്കും.

ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ വ്യവസായ പങ്കാളിത്തം വർധിപ്പിക്കുക, ഇന്ത്യയിൽ സ്വാശ്രയ ബഹിരാകാശ വ്യവസായം സ‍ൃഷ്ടിക്കുക എന്നിവയാണ് എൻഎസ്എല്ലിന്റെ ലക്ഷ്യം. ഐഎസ്ആർഒയും സർക്കാരിതര സ്ഥാപനങ്ങളും തമ്മിലുള്ള ഇന്റർഫേസായി ഇൻ-സ്പേസും പ്രവർത്തിക്കും. എല്ലാ ബഹിരാകാശ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്നതിനുള്ള ഏകജാലക ഏജൻസിയും ഇൻ-സ്പേസ് ആയിരിക്കും.

മേല്‍പറഞ്ഞ ഏകോപന പ്രവർത്തനങ്ങള്‍ ഒഴികെ, മറ്റെല്ലാ എന്‍ഡ്-ടു-എന്‍ഡ് ബഹിരാകാശ പ്രവർത്തനങ്ങളും സ്വകാര്യ മേഖലകളുടെ നേതൃത്വത്തിലായിരിക്കുമെന്നതാണ് ഏറ്റവും പ്രധാനം. ഉപഗ്രഹങ്ങളുടെ വിക്ഷേപണം, റോക്കറ്റുകളുടെ വികസനം, ഗ്രൗണ്ട് സ്റ്റേഷനുകൾ സൃഷ്ടിക്കുക, ബഹിരാകാശ വാഹനങ്ങളും മൊബൈൽ വിക്ഷേപണ പ്ലാറ്റ്ഫോമുകളും നിർമ്മിക്കുക എന്നിവ സ്വകാര്യ മേഖലയുടെ മേൽനോട്ടത്തിലായിരിക്കും.

ആശയവിനിമയം, വിദൂര സെൻസിംഗ്, നാവിഗേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുകയും ഡേറ്റാ ശേഖരണം വ്യാപനം തുടങ്ങിയ ബഹിരാകാശ പ്രവർത്തനങ്ങൾ നടത്തുന്നതും സർക്കാരിതര സ്ഥാപനങ്ങൾ എന്ന് പരാമർശിക്കുന്ന സ്വകാര്യ കമ്പനികളായിരിക്കും.

ബഹിരാകാശ മേഖലയ്ക്ക് പുതിയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഐഎസ്ആർഒ സൗകര്യങ്ങൾ ചെറിയ നിരക്കിൽ ഉപയോഗിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ടെന്ന് നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശത്തെ വസ്തുക്കളെ ട്രാക്കുചെയ്യുന്നതിനും ഉപഗ്രഹങ്ങളും ബഹിരാകാശ സ്റ്റേഷനുകളും പരസ്പരം കൂട്ടിയിടിക്കുന്നത് തടയുന്നതിനും ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സ്വകാര്യ സ്ഥാപനങ്ങളാണ് മുൻകൈയെടുക്കേണ്ടതെന്നും നയത്തിൽ വ്യക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.