1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2024

സ്വന്തം ലേഖകൻ: ഇന്ത്യന്‍ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള പുതിയ നറുക്കെടുപ്പ് യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 22ന് നറുക്കെടുപ്പ് അവസാനിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 24 മാസങ്ങള്‍ യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്ളതാണ് ഈ പദ്ധതി.

2024 ഫെബ്രുവരി 20ന് ഉച്ചക്ക് രണ്ടര മുതല്‍ 22ന് ഉച്ചക്ക് രണ്ടര മണി വരെയായിരിക്കും നറുക്കെടുപ്പ്. ബാച്ചിലേഴ്സ് ബിരുദമോ ഉന്നത ബിരുദമോ ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയും. അതിനോടൊപ്പം ചുരുങ്ങിയത് 2,530 ബ്രിട്ടീഷ് പൗണ്ടിന്റെ സമ്പാദ്യം ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല, 18 വയസ്സില്‍ താഴെയുള്ള, ആശ്രിതരായ കുട്ടികള്‍ ഉണ്ടായിരിക്കുകയുമരുത്.

ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 90 ദിവസത്തിനകം വീസയ്ക്കായി അപേക്ഷിക്കാം. വീസ ചാര്‍ജ്ജും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജും നല്‍കണം. ഒപ്പം ബയോമെട്രിക്സ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. വീസയ്ക്ക് അപേക്ഷിച്ച് ആറു മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിലെത്തണം എന്ന നിബന്ധനയും ഉണ്ട്.

ഈ വര്‍ഷം ഇന്ത്യന്‍ യുവ പ്രൊഫഷണലുകള്‍ക്കായി 3000 സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഫെബ്രുവരിയിലെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും ബാക്കിയുള്ളവ 2024 ജൂലായ് മാസത്തെ നറുക്കെടുപ്പിലായിരിക്കും ഉണ്ടാവുക. നറുക്കെടുപ്പില്‍ തികച്ചും സൗജന്യമായി പങ്കെടുക്കാമെങ്കിലും, ഈ സ്‌കീമിനു കീഴിലുള്ള പ്രക്രിയകള്‍ക്കായി 298 പൗണ്ട് ചെലവ് വരും. ഇത് തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം നല്‍കിയാല്‍ മതി. തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ഇനി വരുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഒന്നുമില്ല.

ക്രമരഹിതമായിട്ടായിരിക്കും ഇതില്‍ വിജയികളെ കണ്ടെത്തുവാനുള്ള നറുക്കെടുപ്പ് നടത്തുക. വിജയികളെ നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച്ചക്കുള്ളില്‍ ഈമെയില്‍ വഴി വിവരം അറിയിക്കും. ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായിരിക്കണം. അതായത്, നിങ്ങള്‍ യുകെയിലേക്ക് യാത്ര തിരിക്കുന്നസമയത്ത് ചുരുങ്ങിയത് 18 വയസ്സെങ്കിലും ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് ഗ്രാഡ്വേറ്റ് ബിരുദമോ ബിരുദാന്തര ബിരുദമോ ഉണ്ടായിരിക്കണം. 2530 ബ്രിട്ടീഷ് പൗണ്ട് സമ്പാദ്യം ഉണ്ടായിരിക്കണം. അതുപോലെ 18 വയസ്സില്‍ താഴെയുള്ള ആശ്രിതരായ കുട്ടികള്‍ ഉണ്ടാകരുത്.

നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റില്‍ പങ്കെടുക്കാം. വിജയിച്ചാല്‍ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് വീസയ്ക്ക് അപേക്ഷിക്കുവാനുള്ള അറിയിപ്പ് ലഭിക്കും. സാധുവായ പാസ്സ്പോര്‍ട്ട് അല്ലെങ്കില്‍, നിങ്ങളുടെ പൗരത്വം തെളിയിക്കുന്ന മറ്റെന്തെങ്കിലും രേഖകള്‍, നിങ്ങള്‍ക്ക് ചുരുങ്ങിയത് 2530 പൗണ്ട് സമ്പാദ്യമുണ്ട് എന്നതിന്റെ രേഖാമൂലമായ തെളിവ്, നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷയരോഗ പരിശോധന ഫലം, ഇന്ത്യയില്‍ നിന്നുള്ള ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ വീസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.

യുകെ – ഇന്ത്യ മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി 2021 ല്‍ ആയിരുന്നു ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതി ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.