1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2023

സ്വന്തം ലേഖകൻ: യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയില്‍ അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടയില്‍ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രോട്ടക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ ഒറ്റയ്ക്ക് അതിർത്തികടന്ന കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

30,010 പേര്‍ കനേഡിയന്‍ അതിര്‍ത്തി വഴിയും 41,770 പേര്‍ മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. രാജ്യത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷമാണ് ബാക്കിയുള്ളവര്‍ പിടിയിലായത്.യുഎസിന്റെ തെക്കന്‍, വടക്കന്‍, അതിര്‍ത്തികളില്‍ നിരവധി ജീവന്‍ പൊലിഞ്ഞിട്ടും 97,000 ഇന്ത്യക്കാരും ഈ അപകടകരമായ വഴികളാണ് യാത്രക്ക് തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തിയില്‍ ഒരാള്‍ പിടിക്കപ്പെടുമ്പോള്‍ 10 പേര്‍ യുഎസിലേക്ക് കടക്കുന്നുണ്ടെന്നും, ഒരുപക്ഷേ അവരുടെ എണ്ണം ഇതിലും കൂടുതലാകാമെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രായപൂർത്തിയായ അവിവാഹിതരാണ് കൂടുതലുള്ളത്. 84,000 അവിവാഹിതരും ഒപ്പം ആരുമില്ലാത്ത 730 കുട്ടികളും അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസില്‍ ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ നിരവധി ഇന്ത്യന്‍ കുട്ടികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വിചാരണ കൂടാതെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള ‘ടൈറ്റിൽ 42’ നയത്തിൽ ഇളവ് വരുത്തിയതോടെ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു. നിരവധി ഇന്ത്യക്കാര്‍ പ്രതിവര്‍ഷം യുഎസില്‍ പിടിക്കപ്പെടുന്നുണ്ടെന്നും മാനുഷിക പരിഗണനകൊണ്ട് ചുരുക്കം ചിലര്‍ മാത്രമേ നാടുകടത്തപ്പെടുന്നുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.