1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2018

സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 7850 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍. 2181 ഇന്ത്യക്കാര്‍ സൗദി ജയിലുകളില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു.

‘പല രാജ്യങ്ങളും കടുത്ത സ്വകാര്യ നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ തടവുകാര്‍ അനുവദിക്കാതെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നില്ല. മന്ത്രാലയത്തിനു ലഭ്യമായ വിവരങ്ങള്‍ വച്ചുള്ള കണക്കാണ് 7850 എന്നുള്ളത്. ഈ വര്‍ഷം ഫെബ്രുവരി 28 വരെ 360 പേരുടെ തടവുകാലാവധി അവസാനിച്ചു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ള രണ്ടാമത്തെ രാജ്യം യുഎഇയാണ്. 1628 പേരാണ് ഇവിടെ തടവില്‍ കഴിയുന്നത്.

തടവുകാരെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവരുന്ന നിയമം 2003ല്‍ പാസാക്കിയതിനുശേഷം 170 അപേക്ഷകളാണ് ലഭിച്ചത്. 63 ഇന്ത്യന്‍ തടവുകാരെ വിദേശരാജ്യങ്ങളില്‍നിന്ന് ഇങ്ങനെ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്,’ മന്ത്രി അറിയിച്ചു.

അതേസമയം, ഇറാഖിലെ മൊസൂളില്‍ 2014 ജൂണ്‍ മുതല്‍ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ചുള്ള ചോദ്യത്തിനും സിങ് എഴുതി മറുപടി നല്‍കിയിട്ടുണ്ട്. 39 ഇന്ത്യന്‍ തൊഴിലാളികളുടെ കുടംബാംഗങ്ങളുടെ ഡിഎന്‍എ പൂര്‍ണമായും ശേഖരിച്ച് അയച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് ഇവ അയച്ചിട്ടുണ്ടെന്നും ഇറാഖ് സര്‍ക്കാരില്‍നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട സ്ഥലത്തുനിന്നുള്ള ലഭ്യമായ മനുഷ്യാവശിഷ്ടങ്ങള്‍ പരിശോധിച്ചശേഷം ഇറാഖ് സര്‍ക്കാര്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.