1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2024

സ്വന്തം ലേഖകൻ: ലബനനിലെ ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പവര്‍ സ്റ്റേഷനുകളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി വിമത കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികള്‍ ഇറാനില്‍ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

നേരത്തേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസില്‍ നിന്ന് മടങ്ങിവരും വഴി ഇസ്രയേല്‍ വിമാനത്താവളത്തിനുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ നഗരമായ ലുദ്ദിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഹൂതി മിസൈല്‍ അയച്ചത്.

ലബനനിലും ആക്രമണം തുടരുകയാണ്. ഇന്ന് 24 പേര്‍ കൂടി കൊല്ലപ്പെട്ടു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു. നേരത്തെ, ആക്രമണം നടത്തി നസ്‌റല്ലയെ വധിച്ച വിവരം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നും ഹിസ്ബുല്ല അറിയിച്ചിട്ടുണ്ട്.

ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്‍ത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്‌ക്കെതിരേ സൈനികനടപടി തുടരുമെന്നും വ്യക്തമാക്കി. ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണിത്.

നസ്രള്ളയില്ലാത്ത സുരക്ഷിത ഇടം ഇസ്രയേല്‍ ലോകത്തിന് സമ്മാനിച്ചെന്ന് സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. നസ്രള്ളയുടെ വധം ഹിസ്ബുള്ളയുടെ ഇരകളായ അനേകംപേര്‍ക്കുള്ള നീതിയുടെ അളവുകോലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നസ്രള്ളയെ ഭീകരനെന്നു വിളിച്ച യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാഹാരിസ്, അദ്ദേഹത്തിന്റെ കൈകളില്‍ അനേകം അമേരിക്കക്കാരുടെ ചോര പുരണ്ടിട്ടുണ്ടെന്ന് പറഞ്ഞു. നസ്രള്ള വധത്തെ റഷ്യയും ചൈനയും അപലപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.