1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2023

സ്വന്തം ലേഖകൻ: അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരെ അഭിനന്ദിച്ചു ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് റിച്ചാര്‍ഡ് ഡീന്‍ മക്കോര്‍മിക്. അമേരിക്കയില്‍ 45 ലക്ഷത്തോളം ഇന്ത്യന്‍ വംശജരുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതായത് അമേരിക്കയിലെ ആകെ ജനസംഖ്യയുടെ 1.4%. 33.3 കോടി ജനങ്ങളാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ മൊത്തം നികുതിയുടെ ആറ് ശതമാനവും അടക്കുന്നത് ഇന്ത്യക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാത്രം നികുതിയിനത്തില്‍ ഇന്ത്യന്‍ വംശജരില്‍ നിന്ന് ലഭിച്ചത് 294 ബില്യണ്‍ ഡോളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാരുടെ പെരുമാറ്റത്തേയും സ്വഭാവ രീതികളേയും അദ്ദേഹം അഭിനന്ദിച്ചു. നിയമം അനുസരിച്ച് നിയമത്തിന് വിധേയരായി ജീവിക്കുന്നവരാണ് ഇന്ത്യന്‍ വംശജര്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അവര്‍ മുന്‍പന്തിയിലാണ്. അമേരിക്കയിലുള്ള 43% ഇന്ത്യക്കാരും ബിരുദാനന്ദര ബിരുദമുള്ളവരാണ്. ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്നതും ഇന്ത്യന്‍ വംശജര്‍ തന്നെയാണ്. ജോലിയില്‍ അവര്‍ വളരെ ആത്മാര്‍ത്ഥത കാണിക്കുന്നു. അത്ര തന്നെ ആത്മാര്‍ത്ഥമായി അവര്‍ കുടുംബത്തേയും പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വംശജര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമായുള്ള വാര്‍ത്തകള്‍ കേള്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായും അതുമൂലം രോഗികളായും ഇന്ത്യന്‍ വംശജര്‍ ആരും തന്നെ ആശുപത്രിയില്‍ വരാറില്ലെന്നും ഡോക്ടര്‍ കൂടിയായ റിച്ച് മക്കോര്‍മിക്ക് പറഞ്ഞു. രാജ്യത്തെ മികച്ച പൗരന്മാരില്‍ ഉള്‍പ്പെടുന്നവരാണ് ഇന്ത്യന്‍ വംശജരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ കാര്യമായി പരിഗണിക്കുന്ന കുടിയേറ്റ പരിഷ്‌കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ നിയമം പരിഷ്‌കരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കു ഗ്രീന്‍ കാര്‍ഡ് വേഗത്തില്‍ ലഭ്യക്കാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കമ്മ്യൂണിറ്റിയിലെ അഞ്ചു ഡോക്ടര്‍മാരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. അമേരിക്കയിലെ ഏറ്റവും മികച്ച പൗരന്മാരെ അവര്‍ പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കുന്ന അവര്‍ക്കുവേണ്ടിയുള്ള ഇമിഗ്രേഷന്‍ പ്രോസസ് കാര്യക്ഷമമാക്കാനുള്ള നടപടികളുണ്ടാക്കണം. കൃത്യമായി നികുതിയടക്കുകയും സമൂഹത്തില്‍ ക്രിയേറ്റീവായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന, നമ്മുടെ രാജ്യത്തിന്റെ ഒരു ശതമാനത്തെ മാത്രമാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നതെങ്കിലും ആറ് ശതമാനം നികുതിയടക്കുന്നത് അവരാണ്. അവര്‍ സമൂഹത്തിനു യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടാക്കുന്നില്ല. മറ്റുള്ളവരെപ്പോലെ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അമിത ഉപയോഗവും ഉത്കണ്ഠയും ഡിപ്രഷനുമായി അവരിലാരും എമര്‍ജന്‍സി റൂമിലേക്ക് കടന്നു വരുന്നില്ല. കാരണം അവര്‍ കൂടുതല്‍ കുടുംബത്തെ സ്‌നേഹിക്കുന്നവരും കരുതുന്നവരുമാണ്.’ റിച്ചാര്‍ഡ് ഡീന്‍ മക്കോര്‍മിക് പറഞ്ഞു.

20 വര്‍ഷത്തിലേറെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മറൈന്‍ കോര്‍പ്‌സിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവിയിലും സേവനമനുഷ്ഠിച്ച വ്യക്തിയാണ് റിച്ചാര്‍ഡ് ഡീന്‍ മക്കോര്‍മിക്. മറൈന്‍ കോര്‍പ്‌സില്‍ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന അദ്ദേഹം നാവികസേനയില്‍ കമാന്‍ഡര്‍ പദവിയിലും എത്തിയിരുന്നു. 1990ല്‍ ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു സയന്‍സ് ബിരുദം നേടിയ റിച്ചാര്‍ഡ് 1999ല്‍ നാഷനല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദവും 2010-ല്‍ മോര്‍ഹൗസ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നു ഡോക്ടര്‍ ഓഫ് മെഡിസിനും നേടി. എമര്‍ജന്‍സി ഫിസിഷ്യന്‍ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യ ക്യാന്‍സര്‍ സ്‌പെഷലിസ്റ്റാണ്. ഏഴു മക്കളാണ് ഈ ദമ്പതികള്‍ക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.