
സ്വന്തം ലേഖകൻ: 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തണമെന്നാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇതിനായി വിഭാവനം ചെയ്ത സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ യാത്രക്കാര്‍ക്കായി പുതിയ കാറ്റഗറി വീസകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ.
ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗദിയുടെ പുതിയ ഇ-വീസ, വീസ ഓൺ അറൈവൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇനി പറയാൻ പോകുന്ന നിബന്ധനകൾ പാലിക്കുന്നില്ലെങ്കിലും വിഷമിക്കേണ്ട, ആ സാഹചര്യത്തിൽ വീസക്കായി തശീൽ സെൻ്ററുകളെ ആശ്രയിക്കാം.
യുഎസ്എയിൽ നിന്നോ യുകെയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷെൻഗെൻ രാജ്യങ്ങളിൽ നിന്നോ സാധുതയുള്ള ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വീസ ഉള്ളവര്‍ക്കാണ് പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുക. എൻട്രി സ്റ്റാമ്പ് ചെയ്ത രേഖകളും കയ്യിലുണ്ടെങ്കിൽ ഇവര്‍ ഇ-വീസ നേടാനുള്ള അര്‍ഹത നേടും.
അതുപോലെ തന്നെ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന വ്യക്തികൾക്ക് വീസ ഓൺ അറൈവലിനായി അപേക്ഷിക്കാനും സാധിക്കും. യുഎസ്എ, യുകെ, ഷെൻഗൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പെര്‍മനൻ്റ് റസിഡൻസി, അല്ലെങ്കിൽ ഏതെങ്കിലും ജിസിസി അഥവാ ഗൾഫ് കോര്‍പ്പറേഷൻ കൗൺസിലിൽ ഉൾപ്പെട്ട രാജ്യത്തെ സാധുതയുള്ള റസിഡൻസ് വീസ കയ്യിലുള്ള വ്യക്തികളും ഇ-വീസ നേടാൻ അര്‍ഹരാണ്.
ജിസിസി രാജ്യത്തെ റസിഡൻസ് വീസ കയ്യിലുള്ളവര്‍ മറ്റൊരു നിബന്ധനയും പാലിക്കേണ്ടതുണ്ട്. സൗദി അറേബ്യയിലേക്ക് എൻട്രി ചെയ്യുന്ന ദിവസം മുതൽ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസത്തെ കാലാവധിയെങ്കിലും ഇവരുടെ ജിസിസി റസിഡൻസ് വീസക്ക് ഉണ്ടായിരിക്കണം. 2024 മാര്‍ച്ച് മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി സൗദി അറേബ്യ സ്റ്റോപ്പ് ഓവര്‍ വീസകൾ അനുവദിച്ചിരുന്നു.
96 മണിക്കൂറുകൾ കാലാവധിയുള്ള ഈ സ്റ്റോപ് ഓവര്‍ വീസ സൗദി എയര്‍ലൈൻസ് വെബ്സൈറ്റിൽ നിന്ന് നാമമാത്രമായ നിരക്കിൽ ലഭിക്കും. 90 ദിവസങ്ങൾ വരെ അഡ്വാൻസ് ആയി സ്റ്റോപ്പ് ഓവര്‍ വീസക്കായി അപ്ലൈ ചെയ്യാവുന്നതാണ്. സ്റോപ്പ് ഓവര്‍ അല്ലെങ്കിൽ ട്രാൻസിറ്റ് വീസ കയ്യിലുള്ളവര്‍ക്ക് ഉംറ ചെയ്യാനും പ്രവാചകൻ്റെ പള്ളി സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാര പരിപാടികൾ ആസ്വദിക്കുന്നതിനുമായി രാജ്യത്തേക്ക് പ്രവേശിക്കാനാകും.
നേരത്തെ പറഞ്ഞ ഇ-വീസ, വീസ ഓൺ അറൈവൽ നേടിയവര്‍ക്കും ഉംറ ചെയ്യാനുള്ള അവസരം ലഭിക്കും. എന്നാൽ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഉംറക്ക് അല്ലെങ്കിൽ സിയാറത്തിന് അപ്പോയിൻ്മെൻ്റ് നേടുന്നതിനായി നുസുക്.എസ്എ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
ആഗോളതലത്തിലുള്ള പ്രതിഭകൾക്ക് പൗരത്വം നൽകാൻ സൗദി അറേബ്യ. ശാസ്ത്രജ്ഞർ, മെഡിക്കൽ ഡോക്ടർമാർ, ഗവേഷകർ, സംരംഭകർ, അതുല്യ വൈദഗ്ധ്യവും സ്പെഷ്യലൈസേഷനുമുള്ള വിശിഷ്ട പ്രതിഭകൾ എന്നിവർക്ക് സൗദി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. മത, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.
സാമ്പത്തിക വികസനം, ആരോഗ്യം, സംസ്‌കാരം, കായികം, എന്നിവയിൽ ഗണ്യമായി സംഭാവന ചെയ്യുന്ന പ്രമുഖ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ് ഈ ഉത്തരവ്. ഈ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട പ്രതിഭകളുടെ ആദ്യ ഗ്രൂപ്പിന് സൗദി പൗരത്വം നൽകുന്നതിന് സമാനമായ ഒരു പുരസ്കാരം 2021-ൽ പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ രാജകൽപ്പന പ്രകാരം സൗദി പൗരത്വം ലഭിച്ച നിരവധി പ്രമുഖ വ്യക്തികളെക്കുറിച്ച് അഷർഖ് അൽ-അൗസത്ത് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഇവരിൽ അമേരിക്കക്കാരനും ഹെവല്യൂഷൻ ഫൗണ്ടേഷൻ്റെ സിഇഒയുമായ മെഹ്മൂദ് ഖാൻ ആരോഗ്യ ശാസ്ത്രത്തിലെ സംഭാവനകൾക്ക് അംഗീകാരം നേടിയിരുന്നു. സിംഗപ്പൂർ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജാക്കി യി-റു യിങിനും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എഞ്ചിനീയറിംഗ് ആൻഡ് നാനോ ടെക്നോളജിയുടെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു യിംഗ്. ബയോ എഞ്ചിനീയറിംഗ്, നാനോ മെറ്റീരിയലുകൾ എന്നിവയിലെ വിപുലമായ ശാസ്ത്ര വൈദഗ്ധ്യത്തിനും സംഭാവനകൾക്കും ലെബനീസ് ശാസ്ത്രജ്ഞനായ നിവീൻ ഖഷാബിന് സൗദി പൗരത്വം നൽകി ആദരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല