1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2024

സ്വന്തം ലേഖകൻ: തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയില്‍ കുടുങ്ങിയിട്ട് ഒന്നരമാസം കഴിയുന്നു. ഇതുവരെ അവരെ രക്ഷപ്പെടുത്താനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല.

”ഇതില്‍ കൂടുതല്‍ ഞങ്ങളെന്താണ് പറയേണ്ടത്. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കുമൊക്കെ പരാതി കൊടുത്തു. നാളിത്രയായി. അവരെക്കുറിച്ച് എന്തെങ്കിലും സന്തേഷമുള്ള കാര്യം ആരും പറഞ്ഞ് കേട്ടില്ല. അവര്‍ എവിടെയാണെന്ന് അറിഞ്ഞാലെങ്കിലും സമാധാനമുണ്ടാകുമായിരുന്നു”, ടിനുവിന്റെ അമ്മ പറയുന്നു.

ജനുവരിയിലാണ് മക്കള്‍ മൂന്നുപേരും പോയത്. അവിടെ എത്തിയതിന് പിന്നാലെ വിളിച്ചു. ജനുവരി അവസാനം വിളിച്ചതിന് ശേഷം ഇതുവരെ അവരെപ്പറ്റി യാതൊരു വിവരവുമില്ല. അവസാനം പ്രിന്‍സിന് പരിക്കുപറ്റി അവിടെനിന്ന് വിളിക്കാനായി പറ്റിയപ്പോഴാണ് അവര്‍ ചെന്നുപെട്ട അപകടം അറിയുന്നത്. കാലിന് പരിക്കേറ്റതുകൊണ്ട് പ്രിന്‍സിനെ യുദ്ധത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പക്ഷെ, ടിനുവും വിനീതും എവിടെയാണെന്ന് ഒരു വിവരവുമില്ല.

അഞ്ചുതെങ്ങ് സ്വദേശികള്‍ റഷ്യയില്‍ ജോലി തട്ടിപ്പില്‍പെട്ട് യുദ്ധഭൂമിയില്‍ കുടുങ്ങിയെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് മുഖാന്തരം ജനുവരി മൂന്നിന് രാത്രി എട്ടുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ചെന്നൈ, ഷാര്‍ജ വഴിയാണ് ഇവര്‍ റഷ്യയിലേക്ക് പോയത്. റഷ്യന്‍ സര്‍ക്കാരില്‍ ഓഫീസ് ജോലി, ഹെല്‍പര്‍, സെക്യൂരിറ്റി ഓഫീസര്‍ ജോലികളായിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

പ്രതിമാസം 1.95 ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളവും 50,000 രൂപ അലവന്‍സുമുണ്ടെന്നും ഒരുവര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍, ജോലിക്കെന്ന് പറഞ്ഞ് കൊലയ്ക്ക് കൊടുക്കാന്‍ കൊണ്ടുപോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

തുമ്പ സ്വദേശിയായ സന്തോഷ് അലക്സ് എന്നയാളുവഴിയാണ് ഇവരെല്ലാം റഷ്യയിലെത്തിയത്. ഒരാളില്‍നിന്ന് എഴുലക്ഷം രൂപയാണ് ഇതിനായി വാങ്ങിയത്. പലതവണയായി ഇങ്ങനെ 21 ലക്ഷം രൂപയാണ് മക്കള്‍ക്ക് വേണ്ടി ഇവര്‍ വട്ടിപ്പലിശയ്ക്ക് പണം കടമെടുത്തത്. ആഴ്ചപ്പലിശയ്ക്കെടുത്ത പണം ഇപ്പോള്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയും ഈ മൂന്ന് കുടുംബങ്ങളിലുണ്ട്.

റഷ്യയില്‍ വര്‍ഷങ്ങളായി താമസിച്ച് പൗരത്വം നേടിയ സന്തോഷ് അലക്സ് രാജ്യത്തെ പലഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളെ ഇങ്ങനെ റഷ്യയിലേക്ക് കബളിപ്പിച്ച് എത്തിച്ചിട്ടുണ്ട്. ഇവരില്‍ എത്രപേര്‍ ഇപ്പോള്‍ ജീവനോടെയുണ്ട് എന്ന വിവരങ്ങള്‍ പോലും ലഭ്യമല്ല. തൊഴില്‍ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്നവരില്‍നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വം പാസ്പോര്‍ട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയയ്ക്കുകയുമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവല്‍ ഏജന്‍സികള്‍ കുറച്ചുദിവസം മുമ്പ് സി.ബി.ഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. എന്നാല്‍, തുമ്പ സ്വദേശിയുടെ സഹായിയും ബന്ധുവും ഈ തട്ടിപ്പില്‍ പങ്കാളിയാണ്. ഇയാളെ പിടികൂടിയിട്ടില്ല. രേഖകള്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെടുത്തല്‍ താമസിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.