1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വന്തം എഞ്ചിനില്ലാത്ത ഹൈസ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടത്തിന്. ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത സെമിഹൈ സ്പീഡ് ട്രെയിന്‍ ‘ട്രെയിന്‍ 18’ അടുത്ത മാസം മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സാങ്കേതികവിദ്യയിലാണ് ഈ ട്രെയിനുകളുടെ നിര്‍മ്മാണം. ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് എഞ്ചിനുകളായി പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍എസ്ഡിഒ) ആണ് ട്രയല്‍ റണ്‍ നടത്തി ട്രെയിനുകളുടെ ക്ഷമത ഉറപ്പ് വരുത്തുന്നത്. ട്രയല്‍ റണ്‍ വിജയകരമായാല്‍ ഇവ ഉടന്‍ തന്നെ യാത്രായോഗ്യമാക്കും. ഈ ട്രെയിനുകള്‍ ജൂണ്‍ മാസത്തോടെ യാത്രാക്ഷമമാക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും. ആദ്യം ഫാക്ടറിക്കകത്തും പിന്നീടുള്ള മൂന്നോ നാലോ ദിവസം ഫാക്ടറിക്കു പുറത്തും പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്(ആര്‍എസ്ഡിഒ) കൈമാറും. ട്രെയിന്‍ നിര്‍മ്മാതാക്കളായ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും.

ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.