സ്വന്തം ലേഖകന്‍: ഇന്ത്യ ആണവായുധം ആദ്യം പ്രയോഗിച്ചേക്കും, ഇന്ത്യയുടെ ആണവനയത്തില്‍ മാറ്റം വരുന്നതായി ആശങ്ക പ്രകടിപ്പിച്ച് പാകിസ്താന്‍. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയത്തില്‍നിന്ന് ഇന്ത്യ പിന്നോട്ടു പോയേക്കുമെന്ന് പാകിസ്താന്‍ ഭയപ്പെടുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്റെ ആണവ വിദഗ്ധര്‍ ഇത്തരമൊരു ആശങ്ക പുലര്‍ത്തുന്നതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ് ആണവായുധം സംബന്ധിച്ച ഇന്ത്യയുടെ നയത്തില്‍ മാറ്റമുണ്ടാകുന്നതെന്ന് പാകിസ്താന്റെ ആണവ നയങ്ങളുമായി ബന്ധമുള്ള പാക് മുന്‍ സൈനിക മേധാവി ഇഷാന്‍ ഇള്‍ഹക്ക് വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ നിരവധി നീക്കങ്ങളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഹിന്ദുത്വ അജണ്ട കൂടുതല്‍ ശക്തമാക്കുന്നതോടെ ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് എല്ലായ്‌പോഴും പാകിസ്താന്‍ സംശയാലുവാണെന്നും പാക് ആണവ വിദഗ്ധര്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരായി പാകിസ്താന്‍ ആണവായുധം ഉപയോഗിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നതായും അതിനാല്‍ ആദ്യം ആണവായുധം ഉപയോഗിക്കാമെന്ന നിലപാടിലേയ്ക്ക് ഇന്ത്യ തിരിഞ്ഞിരിക്കുകയാണെന്നും പാകിസ്താന്‍ കരുതുന്നു.
ബലൂചിസ്ഥാന്‍, ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ എന്നിവടങ്ങളിലെ ഇടപെടലുകള്‍, സാര്‍ക്ക് ഉച്ചകോടി, നിയന്ത്രണ രേഖ മറികടന്നുള്ള മിന്നലാക്രമണം, പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങള്‍, യുദ്ധഭീതി വളര്‍ത്തുന്ന നീക്കങ്ങള്‍, തീവ്ര ഹിന്ദുത്വത്തിന്റെ, മുഖമായ യോഗി ആദിത്യനാഥിനെ യുപിയില്‍ മുഖ്യമന്ത്രിയാക്കിയത് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല