1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2023

സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് നേട്ടമായി തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്ക് ദിവസവും വിമാന സര്‍വ്വീസ് ആരംഭിക്കുവാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സും ഇന്‍ഡിഗോയും തമ്മില്‍ ധാരണ. മുംബൈ വഴിയാണ് സര്‍വ്വീസ്. ഇരു വിമാനക്കമ്പനികളും ഒപ്പുവച്ച കോഡ് ഷെയറിംഗ് കരാര്‍ അനുസരിച്ച് അടുത്ത മാസം 12നു ശേഷം ഈ റൂട്ടിലെ സര്‍വീസ് ആരംഭിക്കും. ഈ കരാറിന്റെ ഭാഗമായി മുംബൈ വഴി കൊച്ചി – ഹീത്രു സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങള്‍ സര്‍വീസ് നടത്താത്ത റൂട്ടിലേക്കു വിമാനക്കമ്പനികള്‍ അവിടെ സര്‍വീസ് നടത്തുന്ന മറ്റു കമ്പനികളുമായി ചേര്‍ന്നു യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് കോഡ് ഷെയറിങ് കരാര്‍. നിലവില്‍ തിരുവനന്തപുരത്തു നിന്നും യുകെയിലേക്ക് പോകണമെങ്കില്‍ മുംബൈ, ഡല്‍ഹി തുടങ്ങിയ മറ്റു പ്രധാന വിമാനത്താവളത്തിലോ ദുബായ് തുടങ്ങിയ വിദേശ വിമാനത്താവളങ്ങളിലോ ഇറങ്ങി വേറെ വിമാനത്തില്‍ മറ്റൊരു ടിക്കറ്റിലാണ് പോകേണ്ടത്.

എന്നാല്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തിരുവനന്തപുരത്തുള്ള യാത്രക്കാര്‍ക്ക് മുംബൈ വഴി ഒറ്റ ടിക്കറ്റില്‍ നേരിട്ട് യാത്ര ചെയ്യാമെന്നതാണ് നേട്ടം. യുകെയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വലിയ നേട്ടമാണ് പുതിയ കരാര്‍. ഇതോടെ യൂറോപ്പിലേക്കും തിരിച്ചും ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാം. നേരത്തെ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ഇന്‍ഡിഗോയ്ക്ക് ഇത്തരത്തില്‍ ഇന്റര്‍ലൈന്‍ സര്‍വീസ് ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുള്ള ഇന്‍ഡിഗോയും ബ്രിട്ടിഷ് എയര്‍വേയ്‌സും കൈകൊടുക്കുന്നതോടെ യൂറോപ്പിലേക്കു കൂടുതല്‍ യാത്രാ സൗകര്യമുണ്ടാകും. രാജ്യത്തെ മൂന്ന് നഗരങ്ങളിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകളുമായാണ് ഇപ്പോള്‍ കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. നേരത്തെ കൊച്ചിയില്‍നിന്ന് ഇത്തരത്തിലുള്ള സര്‍വീസ് ഉണ്ട്. തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.