1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ. നിലവില്‍ 40,000-ന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ ഏറെയും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ഇന്‍ഡൊനീഷ്യ ഏഷ്യയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മറുകയാണ്.

ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയെക്കാള്‍ ഇന്ത്യ ബഹുദൂരം മുന്നിലാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തില്‍ താഴെയാണ്. രണ്ടാംതരംഗം അതിരൂക്ഷമായ വേളയില്‍ ദിനംപ്രതി നാല് ലക്ഷത്തിന് മുകളില്‍വരെ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. ജൂണ്‍ അവസാനത്തോടെ ഇതില്‍ വലിയ കുറവുണ്ടായി.

ഇന്‍ഡൊനീഷ്യയില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ജൂലായ് ഏഴ് മുതല്‍ രാജ്യവ്യാപകമായി വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി ഓക്സിജന്‍ ആവശ്യകത വര്‍ധിച്ചതോടെ വിദേശരാജ്യങ്ങളില്‍ നിന്ന് ലിക്വിഡ് ഓക്സിജനും കോണ്‍സണ്‍ട്രേറ്ററുകളും അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നടപടികളും ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുകയാണ്.

രാജ്യത്തെ ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. അടിയന്തര ചികിത്സ ലഭിക്കാതെ രോഗികള്‍ വീടുകളിലും ആശുപത്രികള്‍ക്ക് പുറത്തും മരിച്ചുവീഴുകയാണ്. ജൂണ്‍ മുതലുള്ള കണക്കുപ്രകാരം 453 രോഗികള്‍ ചികിത്സ ലഭിക്കാതെ വീടുകളില്‍ മരിച്ചു. ജക്കാര്‍ത്ത, പശ്ചിമ ജാവ ഉള്‍പ്പെടെയുള്ള ഒമ്പത് പ്രവിശ്യകളിലെ ആശുപത്രികളില്‍ 80 ശതമാനത്തിലധകം കിടക്കകള്‍ നിറഞ്ഞതായി ആരോഗ്യമന്ത്രി ബുദി ഗുനഡായി പറഞ്ഞു.

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ജോക്കോ വിദോദോ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലാത്ത രോഗികള്‍ക്ക് വീട്ടില്‍തന്നെ ചികിത്സ നല്‍കാന്‍ യുഎസ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് 40,000 ടണ്‍ ലിക്വിഡ് ഓക്സിജനും 40,000 കോണ്‍സെണ്‍ട്രേറ്ററുകളും എത്തിക്കുമെന്ന് മന്ത്രി ലുഹുത് വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ പ്രതിദിന ഓക്സിജന്‍ ആവശ്യകത 1928 ടണ്ണിലെത്തി. 2262 ടണ്ണാണ് രാജ്യത്തെ മൊത്തം പ്രിതിദിന ഓക്സിജന്‍ ഉത്പാദന ശേഷി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ പൂർണമായും മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ലുഹുത് പറഞ്ഞു.

ഔദ്യോഗികയമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും കൂടുതല്‍ ആളുകള്‍ക്ക് രാജ്യത്ത് കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന പഠനങ്ങളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ രാജ്യത്തെ 18 ശതമാനം ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. ചൈനയുടെ സിനോവാക് വാക്സിനെയാണ് ഇന്‍ഡൊനീഷ്യ പ്രധാനമായും ആശ്രയിക്കുന്നത്.

അതേസമയം, പുതിയ കോവിഡ് വകഭേദത്തിനെതിരേ സിനോവാക് എത്രത്തോളം ഫലപ്രദമാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വാക്സിനെടുത്ത നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ച നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.