1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2021

സ്വന്തം ലേഖകൻ: ജാവ കടലിലുടനീളം ഒഴുകിനടക്കുന്നതിപ്പോൾ മനുഷ്യ ശരീര ഭാഗങ്ങളും വസ്​ത്രങ്ങളും വിമാനാവശിഷ്​ടങ്ങളുമാണ്​. ശനിയാഴ്​ച ജക്കാർത്ത വിമാനത്താവളത്തിൽനിന്ന്​ സമീപ നഗരം ലക്ഷ്യമിട്ട്​ പറന്നുയർന്ന ​്ശ്രീവിജയ എയർ കമ്പനിയുടെ ബോയിങ്​ 737-500 വിമാനമാണ്​ മിനിറ്റുകൾക്കിടെ തീഗോളമായി കടലിൽ പതിച്ചത്​.

സോനാർ ഉപകരണം ഉപയോഗിച്ചുള്ള തെരച്ചിലിൽ വിമാനത്തിൽനിന്നുള്ള സിഗ്​നലുകൾ കടലിനടിയിൽ നിന്ന്​ ലഭിച്ചത്​ ​നേരിയ പ്രതീക്ഷ പകർന്നെങ്കിലും അത് അധികം നീണ്ടുനിന്നില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും നാവികര്‍ കണ്ടെടുത്തിട്ടുണ്ട്. തിരയല്‍ രക്ഷാപ്രവര്‍ത്തര്‍ രണ്ടു ബാഗുകള്‍ കരയിലെത്തിച്ചതായി ജക്കാര്‍ത്ത പോലീസ് പറഞ്ഞു. ഇതില്‍ ഒന്നില്‍ യാത്രക്കാരുടെ വസ്തുക്കളായിരുന്നു. മറ്റൊരു ബാഗില്‍ ശരീരഭാഗങ്ങളും. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.

കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്.ഉച്ചയ്ക്ക് 1.56-ഓടെ പുറപ്പെട്ട വിമാനത്തിന് 2.40-ഓടെയാണ് എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം തകര്‍ന്നു വീണതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും വന്‍പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

“എന്തോ പൊട്ടിത്തെറിക്കുന്നത് ഞങ്ങള്‍ കേട്ടു, ഒരു ബോംബ് സ്‌ഫോടനമോ അല്ലെങ്കില്‍ സുനാമിയോ ആണെന്ന് ഞങ്ങള്‍ കരുതി, അതിനുശേഷം വെള്ളത്തില്‍ വലിയ ഓളം തെളിയുന്നത് ഞങ്ങള്‍ കണ്ടു,” ഒരു മത്സ്യത്തൊഴിലാളി വാര്‍ത്താഏജന്‍സികളോട് പറഞ്ഞു.

“കനത്ത മഴയായിരുന്നു, കാലാവസ്ഥ വളരെ മോശമായിരുന്നു. അതിനാല്‍, ചുറ്റും വ്യക്തമായി കാണാന്‍ പ്രയാസമാണ്. എന്നാല്‍ ശബ്ദം കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി, ചില വസ്തുക്കള്‍ പൊന്തിക്കിടക്കുന്നത് കാണാമായിരുന്നു. ഞങ്ങളുടെ ബോട്ടിന് ചുറ്റും എണ്ണ തളംകെട്ടിനിന്നു,” മത്സ്യത്തൊഴിലാളി കൂട്ടിച്ചേര്‍ത്തു.

62 യാത്രക്കാരില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 10 പേര്‍ കുട്ടികളാണ്. അപകടവിവരമറിഞ്ഞ് പ്രിയപ്പെട്ടവരെ കുറിച്ചറിയാന്‍ വിമാനത്താവളത്തിലും തുറമുഖത്തുമായി യാത്രക്കാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.