1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2018

സ്വന്തം ലേഖകന്‍: ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ദുരിതക്കയത്തിലായത് 2 കോടിയോളം ആളുകള്‍; മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നവരില്‍ 46,000 കുട്ടികളും 14,000 മുതിര്‍ന്നവരും ഉള്‍പ്പെടും. യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടേതാണ് കണക്കുകള്‍.

844 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും പലയിടങ്ങളിലും ഇതുവരെ ആര്‍ക്കും കടന്നെത്താന്‍ പറ്റാത്തതിനാല്‍ യഥാര്‍ത്ഥത്തില്‍ അനേകായിരങ്ങള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. 23 പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം മരിച്ചത് പലു ഗ്രാമത്തിലാണ്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇവിടെ കൂട്ടക്കുഴിമാടത്തില്‍ സംസ്‌കരിച്ചുതുടങ്ങി.

ഉള്‍നാടന്‍ ഗ്രാമമായ പെടോബോയില്‍ ഭൂകമ്പത്തിന്റെ തീവ്രതയില്‍ മണ്ണ് കുഴമ്പുപോലെയായി മാറുന്ന പ്രതിഭാസം കാണപ്പെട്ടു. ഇതോടെ ഈ പ്രദേശത്തെ വീടുകള്‍ താണുപോവുകയും ചിലയിടത്ത് ഉയരുകയും ചെയ്തു. ചില വീടുകള്‍ മറ്റുള്ളവയുടെ മുകളില്‍ വീണു. ബലറോവയില്‍ മണ്ണ് ദ്രവരൂപത്തിലായതിനെ തുടര്‍ന്ന് 1700 വീടുകളാണ് താണുപോയത്. നൂറുകണക്കിന് ആളുകള്‍ ഇതോടൊപ്പം മണ്ണിനടിയിലായിട്ടുണ്ട്.

പെടോബോയിലാണ് ഏറെ നാശം സംഭവിച്ചത്. നാലു ദിവസമായിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. റോഡുകളെല്ലാം വിണ്ടുകീറിക്കിടക്കുകയാണ്. വീടുകളും സ്‌കൂളുകളും റോഡുകളും ഭൂകമ്പം തകര്‍ത്തുകളഞ്ഞതിനാല്‍ എവിടെയും അവശിഷ്ടങ്ങള്‍ മാത്രം.

പലു പട്ടണത്തില്‍ തകര്‍ന്ന ഹോട്ടലുകളുടെയും മാളിന്റെയും അടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ മണ്ണിടിച്ചിലില്‍ അനേകം പേര്‍ മരിച്ചു. ബൈബിള്‍ ക്യാംപില്‍ പങ്കെടുത്തിരുന്ന 34 കുട്ടികളും മരിച്ചു. ഇതിനിടെ, രണ്ടു ജയിലുകളില്‍ നിന്ന് 1200 തടവുകാര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.