1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2018

സ്വന്തം ലേഖകന്‍: ഉപ്പുവെള്ളം കുടിച്ചും പച്ചമത്സ്യം ചുട്ടുതിന്നും 49 ദിവസം നടുക്കടലില്‍ ഒരു 18 കാരന്‍; അതിജീവനത്തിന്റെ അത്ഭുതകഥ ഇന്തോനേഷ്യയില്‍ നിന്ന്. ഇന്തോനേഷ്യക്കാരന്‍ ആല്‍ദി നൊവെല്‍ സുലാവെസി എന്ന ദ്വീപിലെ താമസക്കാരനാണ്. മത്സ്യംപിടിക്കാന്‍ മാത്രമായി കടലില്‍ ഒഴുകിനീങ്ങുന്ന കുടില്‍ മാതൃകയില്‍ തയ്യാറാക്കിയ പ്രത്യകതരം വഞ്ചിയിലെ ജോലിക്കാരനാണ് ആല്‍ദി.

എന്‍ജിനും തുഴയുമില്ലാത്ത ഈ വഞ്ചിയില്‍ ഒരുക്കിവെച്ച കെണിയിലേക്ക് ഒരു വെളിച്ചമാണ് മത്സ്യത്തെ ആകര്‍ഷിക്കുന്നത്. അത് കെടാതെ സൂക്ഷിക്കലാണ് അവന്റെ ജോലി. വഞ്ചി കയര്‍കൊണ്ട് കരയില്‍ ബന്ധിപ്പിച്ചിരിക്കും. ആഴ്ചയിലൊരിക്കല്‍ വഞ്ചിയുടമ എത്തി പിടിച്ചത്രയും മത്സ്യം കൊണ്ടുപോവും. അപ്പോള്‍ ആവശ്യമുള്ളത്ര ഭക്ഷണവും വെള്ളവും ഇന്ധനവും നല്‍കും.

എന്നാല്‍, ജൂലായ് 14ന് ആഞ്ഞടിച്ച കാറ്റില്‍ വഞ്ചിയുടെ കയര്‍ പൊട്ടി എങ്ങോട്ടെന്നില്ലാതെ അത് ആഴക്കടലിലൂടെ ഒഴുകി. ഒരു നിയന്ത്രണവുമില്ലാത്ത ആ ഒഴുക്ക് ദിവസങ്ങള്‍ നീണ്ടതോടെ വഞ്ചിക്കകത്ത് കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. ജീവന്‍ നിലനിര്‍ത്താന്‍ പിന്നെ പിടിച്ച മീന്‍ വേവിച്ചുതിന്നുക എന്നതു മാത്രമായിരുന്നു വഴി.

വഞ്ചിയുടെ മരപ്പലകതന്നെ അതിന് ഇന്ധനമാക്കിയതും ദാഹം തീര്‍ക്കാന്‍ കുപ്പായത്തിലെ വെള്ളം പിഴിഞ്ഞു കുടിച്ചതുമൊക്കെ ആല്‍ദി നടുക്കത്തോടെ ഓര്‍ക്കുന്നു.തന്റെ ഉച്ചത്തിലുള്ള വിളി കേള്‍ക്കാതെ പത്തിലധികം വലിയ കപ്പലുകളാണ് കടന്നു പോയതെന്നും ആല്‍ദി പറയുന്നു.

ഒടുവില്‍ 49 ദിവസത്തിനുശേഷം ഓഗസ്റ്റ് 31ന് സുലാവെസിയില്‍ നിന്ന് 2500 കിലോമീറ്റര്‍ അകലെ ഗ്വാം തീരക്കടലില്‍നിന്നാണ് പാനമകപ്പല്‍ ജീവനക്കാര്‍ ആല്‍ദിയെ രക്ഷപ്പെടുത്തിയത്. സെപ്റ്റംബര്‍ ആറിന് ജപ്പാനിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ആല്‍ദിയെ എട്ടിന് സുരക്ഷിതമായി നാട്ടിലെത്തിച്ചു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.