1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ അവിദഗ്ധ തൊഴിലാളികളെയും വീസ വ്യാപാരികളെയും കണ്ടെത്തി നാടുകടത്തിനായുള്ള പരിശോധനകള്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി രൂപീകൃതമായ ത്രികക്ഷി സമിതിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമായി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പതിനായിരത്തോളം പേര്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.

റെസിഡന്‍സി അഫയേഴ്‌സ് ഡിറ്റക്ടീവുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ പിടിയിലായ എല്ലാ നിയമലംഘകരെയും മൂന്ന് മാസത്തിനുള്ളില്‍ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ മൂവായിരത്തോളം പേരെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്ത് നാടുകടത്തിയത്.

നിര്‍മ്മാണ, കാര്‍ഷിക മേഖലകളില്‍ ഉള്‍പ്പെടെ നടക്കുന്ന വീസ തട്ടിപ്പുകാരെയും തൊഴില്‍ വിപണിയിലെ നിയമലംഘകരെയും നേരിടുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്നും ത്രികക്ഷി സമിതി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസത്തിലും ഈ മാസം തുടക്കത്തിലുമായി 600 നിയമലംഘകരെയാണ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയത്.

ചില റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ചില രാജ്യക്കാരില്‍ നിന്ന് 2,000 ദിനാറില്‍ കൂടുതല്‍ ഫീസ് ഈടാക്കി വീസ വില്‍പ്പന നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഇത്തരം ഏതാനും വ്യാജ കമ്പനികളെ കണ്ടെത്തി നടപടി സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കമ്പനികള്‍ തമ്മില്‍, പുതുതായി എത്തുന്ന തൊഴിലാളികളെ ഉള്‍പ്പെടെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പുതിയ സംവിധാനം അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തില് എത്തുന്നതിന് മുമ്പ് തൊഴിലാളികളുമായി വീസ കച്ചവടം നടത്തി വഞ്ചിക്കുന്നതായുള്ള പരാതികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ഇത്തരം വ്യാജ കമ്പനികള്‍ വഴി കുവൈത്തിലെത്തുന്ന തൊഴിലാളികളെ രാജ്യത്തെ കമ്പനികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന രീതിയും ഈയിടെയായി വര്‍ധിച്ചു വരുന്നുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ക്ക് തൊഴിലാളികള്‍ ഇരയാകാതെ നോക്കുക എന്ന ലക്ഷ്യവും പുതിയ സംവിധാനത്തിനു പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തൊഴിലാളികളില്‍ നിന്ന് ഉയരുന്നത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജോലിയോ ശമ്പളമോ ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരുടെ സംരക്ഷണം കൂടി പുതിയ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിനിടെ, ആറു മാസത്തില്‍ കൂടുതല്‍ കാലം കുവൈത്തിന് പുറത്ത് താമസിച്ച 5000ത്തിലേറെ പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. രോഗങ്ങള്‍, കുടുംബ സാഹചര്യങ്ങള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണം കുവൈത്തിലേക്ക് മടക്കാനാവില്ലെന്ന് ആറു മാസ കാലാവധി നിബന്ധനയില്‍ നിന്ന് ഒഴിവാക്കി നല്‍കണമെന്നും കാണിച്ച് പ്രവാസികള്‍ സമര്‍പ്പിച്ച അപേക്ഷകളാണ് അധികൃതര്‍ നിരസിച്ചത്.

ആറ് മാസമായി കുവൈത്തിന് പുറത്ത് കഴിയുന്ന ഏതൊരു പ്രവാസിയുടെയും വീസ റസിഡന്‍സി അഫയേഴ്സ് വകുപ്പ് മുഖേന മന്ത്രാലയം സ്വയമേവ റദ്ദാക്കാന്‍ നപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ എന്നിവയുമായുള്ള ഒരു ഓട്ടോമേറ്റഡ് ലിങ്ക് വഴി, റസിഡന്‍സി റദ്ദാക്കിയ ഒരു പ്രവാസിയുടെ വര്‍ക്ക് പെര്‍മിറ്റും സിവില്‍ കാര്‍ഡും റദ്ദാക്കുകയും ചെയ്യുന്നതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ കുവൈത്ത് ടൈംസിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.