1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വിദേശ ജീവനക്കാര്‍ പുറത്ത്. ഇനി മുതല്‍ പ്രവാസികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ചെയ്യാനാവില്ല. രാജ്യത്തെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തതായി അധികൃതര്‍ അറിയിച്ചതോടെയാണിത്.
സൗദി ഇന്‍ഷുറന്‍സ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ഡിസംബറിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തിയത്.

അതിനു ശേഷം നാലു മാസമായതോടെ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. സൗദി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കി വരുന്ന സൗദിവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലെ ജോലികളില്‍ നിന്ന് പ്രവാസികളെ വിലക്കിയിരുന്നു.

സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ജോലികള്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് കഴിഞ്ഞ മാസമായിരുന്നു. രാജ്യത്തെ എഞ്ചിനീയറിംഗ് മേഖലയിലെ ജോലികള്‍ ഭാഗികമായി സ്വദേശിവത്കരിക്കുമെന്ന് ഈ വര്‍ഷം ആദ്യം സൗദി അറേബ്യ അറിയിച്ചിരുന്നു. ഈ ജോലികളില്‍ കുറഞ്ഞത് അഞ്ച് തൊഴിലാളികള്‍ വീതം ജോലി ചെയ്യുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ 25 ശതമാനം എന്‍ജിനീയറിംഗ് പ്രൊഫഷനുകളും സൗദി പൗരന്‍മാരായിരിക്കണമെന്നാണ് തീരുമാനം.

ഇത് ഈ വര്‍ഷം ജൂലൈ 21 മുതല്‍ പ്രാബല്യത്തില്‍ വരും. അതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. കഴിഞ്ഞ ഡിസംബറില്‍, സെയില്‍സ്, പര്‍ച്ചേസ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി സൗദി ലേബര്‍ അധികൃതര്‍ അറിയിച്ചിരുന്നു.

സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് മാനേജര്‍, സെയില്‍സ് സ്പെഷ്യലിസ്റ്റ്, ഹോള്‍സെയില്‍ മാനേജര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികോം എക്യുപ്മെന്റ് സ്പെഷ്യലിസ്റ്റ്, സെയില്‍സ് ഏജന്റ് തുടങ്ങിയവരുടെ 15 ശതമാനം ജോലികളാണ് ആദ്യഘട്ടമെന്ന നിലയില്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.