1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2024

സ്വന്തം ലേഖകൻ: പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സസ്പെന്‍സ് തുടരവേ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ പ്രമുഖ ബാങ്കുകള്‍. വിലക്കയറ്റം കുറഞ്ഞിട്ടും പലിശ നിരക്കിന്റെ കുറവ് ജനത്തിന് ലഭ്യമാകുന്നില്ല. മോര്‍ട്ട്‌ഗേജിന് ആവശ്യക്കാരേറിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, നാറ്റ്വെസ്റ്റ് എന്നീ ബാങ്കുകളാണ് ഇപ്പോള്‍ ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ചര്‍ച്ചാ വിഷയമായിരുന്നു. പലിശ നിരക്ക് അടുത്ത തവണ എപ്പോള്‍ കുറയ്ക്കും എന്നതായിരുന്നു പരിഗണനാവിഷയം. ഇതില്‍ അഭിപ്രായങ്ങള്‍ മാറി മാറി വരികയായിരുന്നു. എന്നാല്‍, ഉടനെയൊന്നും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വായ്പാ ദാതാക്കള്‍ പലിശ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഏഴ് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബാര്‍ക്ലേസ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. വിവിധ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ 0.1 ശതമാനമാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കള്‍ക്കായുള്ള അഞ്ചു വര്‍ഷത്തെ സ്വിച്ചര്‍ ഡീലുകളില്‍ 0.1 ശതമാനം പലിശ വര്‍ദ്ധിപ്പിക്കുമെന്ന് നാറ്റ് വെസ്റ്റും പ്രഖ്യാപിച്ചു. ചില ഡീലുകളിലെ പലിശ നിരക്ക് ഇന്ന് വര്‍ദ്ധിപ്പിക്കും എന്നാണ് എച്ച് എസ് ബി സി അറിയിച്ചിറിക്കുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ല.

അതിനോടൊപ്പം ബില്‍ഡിംഗ് സൊസൈറ്റികളും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ചില ഫിക്സ്ഡ് റേറ്റ് ഡീലുകളില്‍ പലിശ നിരക്ക് 0.2 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചു. ഇത് നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതുതായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്കും ബാധകമായിരിക്കും. അതേസമയം ചില ഫിക്സ്ഡ് ഡീലുകളില്‍ 0.41 ശതമാനം വരെയാണ് കോഓപ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മറ്റു ചിലതില്‍ 0.07 ശതമാനം വരെ ഇളവും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്ന മണിഫാക്ട്‌സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് മോര്‍ട്ട്‌ഗേജിലെ ശരാശരി പലിശ നിരക്ക് 5.82 ശതമാനവും അഞ്ചു വര്‍ഷത്തിന്റേത് ശരാശരി 5.40 ശതമാനവുമാണ്. ചെറിയ തുക മോര്‍ട്ട്‌ഗേജ് ഉള്ളവരെ 0.1 ശതമാനത്തിന്റെ വര്‍ദ്ധനവ് കാര്യമായി ബാധിക്കില്ലെന്ന് ഇ എച്ച് എഫ് മോര്‍ട്ട്‌ഗേജസിലെ ബ്രോക്കര്‍ ജസ്റ്റിന്‍ മോയ് പറയുന്നു. എന്നാല്‍, 3 ലക്ഷത്തിലധിക പൗണ്ട് മോര്‍ട്ട്‌ഗേജ് ഉള്ളവര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.