1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2017

സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് കുല്‍ഭൂഷന്‍ യാദവിന്റെ ശിക്ഷയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്‌റ്റേ. നേരത്തെ പാകിസ്ഥാന്‍ സൈനിക കോടതിയുടെ വിധിക്കെതിരേ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ ആസ്ഥാനമായ ഹേഗില്‍ നിന്നും ശിക്ഷ സ്‌റ്റേ ചെയ്തതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചത്.

ഇറാനില്‍ നിന്നും പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് കുല്‍ഭൂഷണ്‍ യാദവിനെ പാക് പോലീസ് പിടികൂടിയത്. എന്നാല്‍ വിരമിച്ച നാവികസേന ഉദ്യോഗസ്ഥനായ യാദവ് ബിസിനസിനായി ഇറാനിലുള്ളപ്പോള്‍ പാക് ചാരന്മാര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ഇന്ത്യയുടെ വാദം. പാകിസ്താന്റെ നടപടി വിയന്ന കണ്‍വെന്‍ഷനിലെ കരാറിന്റെ ലംഘനമാണെന്നും കേടില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇന്ത്യ വാദിച്ചു.

ഒരു നയതന്ത്ര ഇടപെടലിനും അനുവദിക്കാതെ ഇന്ത്യയെ ഒരു വാര്‍ത്താ കുറിപ്പ് വഴി വധശിക്ഷയുടെ വിവരം അറിയിക്കുകയായിരുന്നു എന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാല്‍ 2008 ലെ കരാര്‍ പ്രകാരം സിവിലിയന്‍ തടവുകാരുടെ കാര്യത്തില്‍ മാത്രമാണ് നയതന്ത്ര ഇടപെടല്‍ അനുവദിക്കേണ്ടതുള്ളു എന്നായിരുന്നു പാകിസ്താന്റെ മറുവാദം. യാദവിനെ ചാരപ്രവര്‍ത്തനത്തിനാണ് പിടികൂടിയതെന്നും അതുകൊണ്ട് നയതന്ത്ര ഇടപെടലിന്റെ ആവശ്യകത ഇല്ലെന്നും പാകിസ്താന്‍ പറഞ്ഞു.

ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് യാദവ് എന്നും ബലൂചിസ്ഥാനിലും സിന്ധിലും ഭീകര പ്രവര്‍ത്തനം നടത്തുകയായിന്നു എന്നും ആരോപിക്കുന്ന പാക് അധികൃതര്‍ 2016 മാര്‍ച്ച് 3 ന് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്നുമാണ് യാദവിനെ അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കി. ഭീകര സംഘടനയുമായി ചേര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന് പേരു സ്വീകരിച്ചതായി കുല്‍ഭൂഷന്‍ യാദവ് കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ നേരത്തേ പാകിസ്താന്‍ പുറത്തു വിട്ടിരുന്നു.

എന്നാല്‍ ഇത് കൃത്രിമമായി ഉണ്ടാക്കിയ തെളിവാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അനേകം നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഏറെ നാളായി അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ കത്തിനില്‍ക്കുകയാണ് കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ. അന്താരാഷ്ട്ര കോടതിയുടെ ഇടപെടലോടെ പ്രശ്‌നം ഒരു വഴിത്തിരിവില്‍ എത്തിയെങ്കിലും പാകിസ്താന്റെ അടുത്ത നടപടി എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ലോകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.