1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2015

സ്വന്തം ലേഖകന്‍: തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സഈദ് ഗോബാഷ് വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതു ഗുരുതര നിയമലംഘനമായാണ് യുഎഇ കാണുന്നതെന്നു തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദിമാസ് അല്‍ സുവൈദി അറിയിച്ചു.

തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ തൊഴില്‍ മന്ത്രാലയം യാതൊരു ഒത്തുതീര്‍പ്പിനും തയാറാവില്ല.
തൊഴില്‍ സംരക്ഷണ സമിതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും തൊഴിലാളികളുടെ വേതനം ബാങ്ക്‌വഴി എല്ലാ മാസവും തൊഴിലാളികള്‍ക്ക് കൈമാറ്റം ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സുതാര്യവും ഫലപ്രദവുമായി രീതിയില്‍ വേതന നല്‍കാന്‍ ഇലക്ട്രോണിക് രീതി നടപ്പാക്കിയതിലൂടെ സാധ്യമായി.

തൊഴിലാളികള്‍ക്ക് രേഖാപൂര്‍വം ബാങ്ക് വഴി ശമ്പളം നല്‍കണമെന്നത് തൊഴിലുടമയുടെ നിയമപരമായ കര്‍ത്തവ്യമായി പ്രാബല്യത്തിലായതും മികച്ചനേട്ടമാണ്. തൊഴില്‍ മന്ത്രാലയം വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പാക്കിയതോടെ കമ്പ്യൂട്ടറില്‍ ശേഖരിച്ചു വച്ചിട്ടുള്ള വസ്തുതകള്‍ പ്രകാരം കൃത്യസമയത്തുതന്നെ ശമ്പളം നല്‍കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കാലതാമസം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും സാധിക്കുന്നതും നേട്ടമായി അല്‍ സുവൈദി ചൂണ്ടിക്കാട്ടി.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ ഈ മാസം പതിമൂന്നു വരെയാണ് രാജ്യാന്തര തൊഴില്‍ സമ്മേളനം നടക്കുന്നത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായ 185 രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ ഉടമകളും, സര്‍ക്കാര്‍ പ്രതിനിധികളും, തൊഴിലാളി സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.