1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2024

സ്വന്തം ലേഖകൻ: ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും തിരിച്ചുമുള്ള ഡാറ്റാ കൈമാറ്റം വലിയ വെല്ലുവിളിയാണ്. പലര്‍ക്കും പുതിയ പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ പല വിവരങ്ങളും ഉപേക്ഷിക്കേണ്ടതായി വരുന്നു. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കുള്ള ഡാറ്റാ കൈമാറ്റത്തിന് എളുപ്പവഴിയൊരുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍.

ഐഒഎസില്‍ നിന്ന് ആപ്പിളിന്റേതല്ലാത്ത മറ്റ് ഓഎസുകളിലേക്ക് ഡാറ്റ കൈമാറുന്നതിന് ഉപഭോക്തൃസൗഹാര്‍ദ്ദപരമായ മാര്‍ഗം ഒരുക്കാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ആപ്പിള്‍ വെളിപ്പെടുത്തി. ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് ഊന്നല്‍ നല്‍കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

2025 അവസാനത്തോടെ ഈ സൗകര്യം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ എങ്ങനെ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം എന്ന് വ്യക്തമല്ല. ഗൂഗിള്‍ ഉള്‍പ്പടെയുള്ള മറ്റ് ഒഎസ് നിര്‍മാതാക്കള്‍ക്ക് പ്രത്യേകം മൊബൈല്‍ ആപ്പുകള്‍ നിര്‍മിക്കാനുള്ള ടൂളുകള്‍ ആപ്പിള്‍ നല്‍കിയേക്കും.

നിലവില്‍ ‘മൂവ് റ്റു ഐഫോണ്‍’ എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്ക് മാറുന്നവര്‍ക്ക് വേണ്ടിയാണിത്. സമാനമായി ‘സ്വിച്ച് റ്റു ആന്‍ഡ്രോയിഡ്’ എന്ന പേരില്‍ ഗൂഗിളും സൗകര്യം ഒരുക്കിയിട്ടുണ്ട്. എങ്കിലും ഇവയ്ക്ക് പല പരിമിതികളുമുണ്ട്.

സാങ്കേതിക വിദ്യാ രംഗത്തെ കുത്തക കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കുന്നതിനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിലുണ്ട്. ഉപഭോക്താക്കളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ നിയമം ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പ്ലാറ്റ്‌ഫോമുകള്‍ മാറാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു. ഇത് പാലിക്കുന്നതിന് നിര്‍ബന്ധിതാരായാണ് ആപ്പിള്‍ ഇപ്പോള്‍ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്.

ഇത് കൂടാതെ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്കും കമ്പനി ഐഒഎസ് തുറന്നു കൊടുത്തിട്ടുണ്ട്. ഇതോടെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അല്ലാതെ മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള ആപ്പുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്കാവും. ആപ്പ് സ്റ്റോറിലെ ഉയര്‍ന്ന ഫീസ് നിരക്കുകള്‍ക്ക് വിധേയരാകാതെ ഫീസ് കുറഞ്ഞ മറ്റ് ആപ്പ് സ്റ്റോറുകളില്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ഡെവലപ്പര്‍മാര്‍ക്കും അവസരം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.