സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് അവസാനമായി, പുതുപുത്തന്‍ സവിശേഷതകളുമായി ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നി രണ്ട് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന സവിശേഷത.
ഒക്ടോബര്‍ ഏഴിന് ഫോണ്‍ ഇന്ത്യയിലെത്തും. 62,500 രൂപയിലാണ് പുതിയ മോഡലുകളുടെ വില ആരംഭിക്കുന്നത്. പുതിയ ഫോണുകള്‍ രണ്ടു വലുപ്പത്തിലാണുള്ളത്. ദീര്‍ഘദൂര ഫോട്ടോകള്‍ക്കായുള്ള ‘ഡ്യുവല്‍ ലെന്‍സ്’ സിസ്റ്റം ആണ് ഐഫോണ്‍ 7 പ്ലസിന്റെ ക്യാമറയിലുള്ളത്. എയര്‍പോഡ്‌സ് എന്ന വയര്‍ലെസ് ഹെഡ്‌ഫോണും ചടങ്ങില്‍ ആപ്പിള്‍ അവതരിപ്പിച്ചു.
ഐഫോണ്‍ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. യു.എസ്സില്‍ ഐഫോണ്‍ 7ന് 649 ഡോളര്‍, ഐഫോണ്‍ 7 പ്ലസിന് 749 ഡോളര്‍, ആപ്പിള്‍ വാച്ച് 2ന് 369 ഡോളര്‍ എന്നിങ്ങനെയായിരിക്കും വില.
ഐഫോണ്‍ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ലഭ്യമായിരിക്കും. ഈ മാസം 16 ന് ഫോണ്‍ യു.എസ്. വിപണികളില്‍ എത്തും. ആപ്പിളിന്റെ കണക്ടിവിറ്റി സംവിധാനമായ ലൈറ്റ്‌നിങ് കണക്ടര്‍ ആണ് ഫോണിലെ ഏക കണക്ടിങ് ജാക്ക്. പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ് ഫോണെന്നും ആപ്പിള്‍ ഉറപ്പുനല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല