
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സൗദിയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎൻട്രി, സന്ദർശക വിസ എന്നിവ സൗജന്യമായി പുതുക്കുന്നതിൽ ഇന്ത്യക്കാർ ഉൾപ്പെടുമോ എന്ന കാര്യത്തിൽ അവ്യക്തത. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവുപ്രകാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) ആണ് മാർച്ച് 31 വരെ കാലാവധി നീട്ടിനൽകുമെന്ന് അറിയിച്ചിരുന്നത്.
ഈ ആനുകൂല്യം ഇന്ത്യയിൽനിന്നുള്ളവർക്കും ലഭിക്കും എന്നായിരുന്നു നേരത്തേ ഇതുസംബന്ധിച്ച ചോദ്യത്തിന് ജവാസത്തിൽനിന്ന് ലഭിച്ച മറുപടിയും. മുമ്പത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജനുവരി 31 വരെ സൗജന്യമായി പുതുക്കിനൽകുകയും ഈ ആനുകൂല്യം ഇന്ത്യക്കാർക്കുൾപ്പെടെ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുതുതായി ഇതുസംബന്ധമായ സംശയം ചോദിച്ചവർക്കുള്ള മറുപടിയിൽ ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളെ ജവാസത്ത് ഒഴിവാക്കിയിരിക്കുകയാണ്. അതാണ് ഇപ്പോൾ അവ്യക്തതക്ക് ഇടയാക്കിയിരിക്കുന്നത്.
ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ആനുകൂല്യം ലഭിക്കുമോ എന്ന കാര്യം അതോടെ സംശയത്തിലായി. പുതിയ ലിസ്റ്റ് പ്രകാരം തുർക്കി, ലബനാൻ, ഇത്യോപ്യ, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ, മൊസാംബീക്, ബൊട്സ്വാന, ലസൂട്ടു, എസ്വതീനി, മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സെയ്ഷൽ, മൊറീഷ്യസ്, യുനൈറ്റഡ് കോമോറോസ്, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെ രേഖകൾ മാത്രമേ പുതുക്കി നൽകൂവെന്നാണ് ജവാസത്ത് മറുപടി.
നിരവധി ഇന്ത്യൻ പ്രവാസികളാണ് പല കാരണങ്ങളാൽ ഇനിയും സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്നത്. ഇവർക്ക് ഏറെ നിരാശ നൽകുന്നതാണ് ജവാസത്തിൽനിന്നുള്ള പുതിയ മറുപടി. എങ്കിലും പ്രതീക്ഷ കൈവെടിയാതെ കാത്തിരിക്കുകയാണ് എല്ലാവരും. വരുംദിവസങ്ങളിൽ വ്യക്തത കൈവരും എന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല